റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പാരീസിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അജ്ഞാതന്‍ അതിക്രമിച്ചു കടന്നു; അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് പൊലീസ്

വന്‍ അഴിമതി ആരോപിക്കപ്പെടുന്ന റഫാല്‍ കരാറിന്റെ ഭാഗമായി, പാരീസില്‍ ഇന്ത്യന്‍ വ്യോമസേന തുറന്ന ഓഫീസില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇടപാടില്‍ ഉള്‍പ്പെടുന്ന വിമാന നിര്‍മ്മാതാക്കളായ ദസ്സോ തന്നെയാണ് വെളിപ്പെടുത്തിയത്. പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്താണ് വ്യോമസേനയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ദസ്സോ ഏവിയേഷന്റെ ഓഫീസ് ബ്ലോക്കിന് സമീപമാണ് കരാറിന്റെ ഭാഗമായി വ്യോമസേന ഓഫീസ് തുറന്നത്. ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണോ വ്യോമസേന ഓഫീസില്‍ അജ്ഞാതര്‍ അതിക്രമിച്ച് കടന്നതെന്ന് വ്യക്തമല്ല.

എന്നാല്‍ തന്ത്രപ്രധാനമായ വ്യോമസേന ഓഫീസില്‍ ഇത്തരം ഒരു നീക്കമുണ്ടായിട്ടും പ്രതിരോധ മന്ത്രാലയമോ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Read more

എന്നാല്‍ ഓഫീസില്‍ നിന്ന് യാതൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി. എന്ത് ഉദ്ദേശത്തിലാണ് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതെന്ന് അന്വേഷിക്കുമെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ പറയുന്നു. വിലപ്പെട്ട രേഖകള്‍ മോഷ്ടിക്കുക എന്ന ഉദ്ദേശമായിരിക്കാം ശ്രമത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. ഫ്രാന്‍സിലെ ദസ്സോ കമ്പനിയില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ സമീപിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിക്ക് വേണ്ടി നേരിട്ട് ഇടപെട്ട് നടത്തിയ ഇടപാടില്‍ 30000 കോടിയുടെ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.
36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ദസ്സോയില്‍ നിന്ന് വ്യോമസേന വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് മാനേജ്‌മെന്റ് സംഘമാണ് വ്യോമസേനയുടെ ഭാഗമായി പാരിസിലുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഓഫീസില്‍ മറ്റാരോ അനധികൃതമായി പ്രവേശിച്ചുവെന്ന് കണ്ടെത്തിയത്.