റഷ്യയുടെ പ്രധാന യുദ്ധക്കപ്പല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത് ഉക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ

യുദ്ധത്തിന്റെ അമ്പതാം ദിനത്തില്‍ റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നിനെ ആക്രമിക്കുകയും സാരമായി കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി ഉക്രൈന്‍. കരിങ്കടലില്‍ വിന്യസിച്ചിരുന്ന നാവിക ആക്രമണത്തിന് നേതൃത്വം നല്‍കുന്ന യുദ്ധക്കപ്പലിനാണ് സ്‌ഫോടനത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചത്.

ഉക്രൈനിയന്‍ സൈന്യം മിസൈല്‍ ആക്രമണത്തിലൂടെ കപ്പല്‍ നശിപ്പിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടിരുന്നു. കപ്പലില്‍ വലിയ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധശേഖരത്തിലേക്കാണ് തീ പടര്‍ന്നത്. ആക്രമണ സമയം കപ്പലില്‍ ഉണ്ടായിരുന്ന സൈനികര്‍ ഉള്‍പ്പടെയുള്ള 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

‘തീപിടിത്തത്തിന്റെ ഫലമായി വെടിമരുന്ന് പൊട്ടിത്തെറിച്ചതാണ് മോസ്‌ക്വ മിസൈല്‍ ക്രൂയിസറിന് കേടുപാടുകള്‍ സംഭവിച്ചത്, തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഉക്രൈന്‍ അധിനിവേശ സമയത്ത് റഷ്യ സ്‌നേക്ക് ഐലന്റ് ആക്രമിച്ചത് ഈ യുദ്ധക്കപ്പല്‍ ഉപയോഗിച്ചായിരുന്നു.

അതേസമയം ഉക്രൈനിനെ അതിവേഗം ആക്രമിച്ച് കീഴ്‌പ്പെടുത്താം എന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യ ഇപ്പോള്‍ കനത്ത തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. റഷ്യന്‍ പ്രദേശങ്ങളില്‍ ഉക്രൈന്‍ ആക്രമണം നടത്തിയിരുന്നു. ഉക്രൈന്‍ റഷ്യന്‍ മണ്ണില്‍ ആക്രമണം തുടരുകയാണെങ്കില്‍ കീവിലെ കമാന്‍ഡ് സെന്ററുകള്‍ ആക്രമിക്കുമെന്നാണ് മോസ്‌കോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.