കോവിഡ് വ്യാപനം; 11 വർഷത്തിന് ശേഷം യു.കെ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക്

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ യുകെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്. കോവിഡ് വൈറസ് വ്യാപനം ചെറുക്കാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച നടപടികളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടത്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. ആദ്യത്തെ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് സാമ്പത്തിക മേഖലയിൽ 20.4 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ​ഗാർഹിക ചെലവുകൾ പൂർണമായും കുറഞ്ഞതാണ് വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്. കടകൾ അടച്ചതോടെ ഉത്പാദനങ്ങളുടെ നിർമ്മാണത്തിലും കാര്യമായ ഇടിവ് സംഭവിച്ചതും പ്രതിസന്ധി രൂക്ഷമാക്കി

2009-ൽ രാജ്യം നേരട്ട മാന്ദ്യത്തിന് സമാനമായ തകർച്ചയിലേക്കാണ് ഇപ്പോൾ പോകുന്നതെന്നാണ് വിദ​ഗ്ദർ പറയുന്നത്. സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതോടെ ജൂണിൽ സമ്പദ്‌വ്യവസ്ഥയിൽ നേരിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) പറയുന്നു.

കടകൾ വീണ്ടും തുറക്കുന്നതും ഫാക്ടറികൾ ഉത്‌പാദനം വർദ്ധിപ്പിക്കുന്നതും തുടരുന്നതോടെ ജൂണിൽ സമ്പദ്‌വ്യവസ്ഥയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുമെന്ന് ദേശീയ സ്ഥിതിവിവര കണക്ക് ഉദ്യോ​ഗസ്ഥൻ ജോനാഥൻ ആതേവ് പറഞ്ഞു.

എന്നാൽ ജൂണിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയതിനേക്കാൾ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.