‘യു.എ.ഇ ഒരു മുസ്ലിം രാജ്യം, പക്ഷെ എല്ലാവർക്കും ഇവിടെ പ്രവർത്തിക്കാം’ ; മതം, വിശ്വാസം ഇവയൊന്നും തടസ്സമാകില്ലെന്ന് മന്ത്രി

Advertisement

‘യുഎഇ ഒരു മുസ്ലിം രാജ്യമാണ്. പക്ഷെ എല്ലാ വിഭാഗങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവകാശവും അവസരവും ഇവിടെയുണ്ടാകും’ . – യുഎഇ മിനിസ്റ്റർ ഓഫ് ടോളറൻസ്,  ഷെയ്ക്ക് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. മാർതോമ യൂത്തിന്റെ ഇരുപതാമത് ഗൾഫ് കോൺഫറൻസ്അബുദാബിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഎഇ സഹനത്തിന്റെ രാഷ്ട്രമാണെന്നും സമാധാനവും സഹകരണവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാർത്തോമാ സഭയുടെ ഗൾഫിലെ 18 പള്ളികളിൽ നിന്നുള്ള 1000 പ്രതിനിധികളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ‘നല്ല മനുഷ്യർ മറ്റുള്ളവരുടെ സ്ഥിഗതികൾ മനസിലാക്കി പ്രതികരിക്കുന്നു. മറ്റുള്ളവരുടെ നല്ല ലക്ഷ്യങ്ങൾ മനസിലാക്കി പരസ്പരം ബഹുമാനിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങളും സംസ്കാരവും ഇതിനു തടസ്സമാകുന്നില്ല. യു എഇ ഒരു മുസ്ലിം രാജ്യമാണ്. എന്നാൽ ഈ സമ്മേളനത്തിലെ എന്റെ സാന്നിദ്ധ്യം മറ്റു മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള ഞങ്ങളുടെ ബഹുമാനം വ്യക്തമാക്കുന്നതാണ്’ – അദ്ദേഹം പറഞ്ഞു. സഹനമാണ് യുഎഇ- യുടെ പ്രധാന മൂല്യങ്ങളിൽ ഒന്ന്. പരസ്പരം സഹകരിച്ചു കൊണ്ട് എല്ലാവര്‍ക്കും നന്മയും അഭിവൃദ്ധിയും ഉണ്ടാകണമെന്നാണ് യുഎഇ ആഗ്രഹിക്കുന്നത്. പ്രമുഖ ഇന്ത്യൻ വ്യവസായി എംഎ യൂസഫലിയും ചടങ്ങിൽ പങ്കെടുത്തു.