സന്ദര്‍ശക വിസ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി യു.എ.ഇ

യു.എ.ഇയിലേക്കുള്ള സന്ദര്‍ശക വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ പുതിയ നിയമപ്രകാരം സന്ദര്‍ശകര്‍ക്ക് രാജ്യത്തു നിന്ന് പുറത്തു പോകാതെ തന്നെ വിസ പുതുക്കാനാവും. എന്നാല്‍ തുടര്‍ച്ചയായി ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്ത് താമസിച്ചിട്ടില്ലെന്ന മാനദണ്ഡം പാലിച്ചിരിക്കണം.

വിസ സംബന്ധമായ സേവനങ്ങള്‍ക്ക് വേണ്ടി കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്ന് യുഎഇ താമസകാര്യ വിഭാഗം ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ അഹമദ് അല്‍ ദലാല്‍ സന്ദര്‍ശകരോട് ആവശ്യപ്പെട്ടിടുണ്ട്.

യുഎഇയിലേക്ക് അഞ്ചുവര്‍ഷ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കാനുള്ള തീരുമാനത്തിന് നേരത്തെ കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഈ വിസ പ്രകാരം ആറ് മാസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാവുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.