രണ്ടു മത്തങ്ങകള്‍ ലേലത്തില്‍ വിറ്റു പോയത് 31 ലക്ഷം രൂപയ്ക്ക്!

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് മത്തങ്ങ. നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന മത്തങ്ങയുടെ വിലയും കുറവാണ്. വിലയോ തുച്ഛം ഗുണമോ മെച്ചം എന്ന് ചുരുക്കത്തില്‍ പറയാവുന്ന രണ്ട് മത്തങ്ങകളുടെ ജപ്പാനിലെ വില കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. അവിടെ ലേലത്തില്‍ വിറ്റു പോയ രണ്ട് മത്തങ്ങകളുടെ വില അഞ്ചു മില്യണ്‍ യെന്‍ (ഏകദേശം 31 ലക്ഷം രൂപ) ആണ്.

ജപ്പാനിലെ യുബാരി നഗരത്തിലാണ് രണ്ട് മത്തങ്ങകള്‍ റെക്കോഡ് വിലയ്ക്ക് വിറ്റുപോയത്. ഈ വര്‍ഷം ആദ്യമായാണ് ഇത്രയും വലിയ തുകയ്ക്ക് ലേലം നടക്കുന്നത്. രുചിയിലും ഗുണത്തിലും വ്യത്യസ്തമായ മത്തങ്ങയാണിത്.

ഈ വിറ്റുപോയ മത്തങ്ങ വ്യത്താകൃതിയിലുള്ളതാണ്. കണ്ടാല്‍ ഓറഞ്ചിന്റെ കളറുള്ള മത്തങ്ങയ്ക്ക് മധുരവുമുണ്ട്. അപൂര്‍വയിനം മത്തങ്ങ വാങ്ങാന്‍ ആളുകള്‍ മത്സരിച്ചതോടെ ലേലം കൊഴുക്കുകയായിരുന്നു. ഇതോടെയാണ് റെക്കോഡ് വിലയ്ക്ക് വിറ്റുപോയത്.

കാര്‍ഷിക പട്ടണമായ യുബാരിയില്‍ എല്ലാ വര്‍ഷവും കാര്‍ഷികവിളകള്‍ ലേലം ചെയ്യാറുണ്ട്. ഇവ ഒരാഴ്ചയോളം നഗരമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.