അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ സുപ്രീം കോടതി ജഡ്ജിമാരെ വെടിവെച്ച് കൊന്നു

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഞായറാഴ്ച പുലർച്ചെ പതിയിരുന്നുള്ള ആക്രമണത്തിൽ രണ്ട് വനിതാ ജഡ്ജിമാരെ അജ്ഞാത തോക്കുധാരികൾ കൊലപ്പെടുത്തി.

സുപ്രീംകോടതി ജഡ്ജിമാർ ജോലിക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് കോടതി വക്താവ് അഹ്മദ് ഫാഹിം ഖവീം പറഞ്ഞു. ആക്രമണം കാബൂൾ പൊലീസ് സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തങ്ങളല്ല ആക്രമണത്തിന് പിന്നിൽ എന്ന് താലിബാൻ സായുധ സംഘത്തിന്റെ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു.

താലിബാനും സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ നടന്നിട്ടും ഏതാനും മാസങ്ങളായി അഫ്ഗാനിസ്ഥാനിൽ അക്രമം വർദ്ധിച്ചുവരികയാണ്. പ്രത്യേകിച്ചും കാബൂളിൽ, ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പുതിയ പ്രവണത നഗരത്തിൽ ഭയം വിതച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗൺ പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ ആക്രമണം.