ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം; വാങ്ങിയത്‌ 4400 കോടി ഡോളറിനെന്ന്‌ റിപ്പോര്‍ട്ടുകള്‍

സമൂഹ മാധ്യമമായ ട്വിറ്റര്‍ സ്വന്തമാക്കി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. 4400 കോടി യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങാന്‍ സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ട്വിറ്റര്‍ ഒരു സ്വകാര്യ കമ്പനിയായി മാറും.

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ട്വിറ്റര്‍ ടെസ്‌ല സിഇഒയായ ഇലോണ്‍ മസ്‌കിന് സ്വന്തമാകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സാധ്യത ട്വിറ്റര്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണം. അതിന് വേണ്ടിയാണ് താന്‍ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ട്വിറ്റര്‍ വാങ്ങുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌കുമായി ട്വിറ്റര്‍ ബോര്‍ഡ് തിങ്കളാഴ്ച ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ഓഹരിയുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ചര്‍ച്ച നടത്തിയത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലായതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഇനി ഷെയറിന് 54.2 ഡോളര്‍ വീതം ലഭിക്കും.

ഏപ്രില്‍ 14നാണ് ഒരു ഓഹരിക്ക് 54.20 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സംയുക്തമായാണ് ഇടപാടിന് അംഗീകാരം നല്‍കിയത്. ഓഹരിയുടമകളില്‍നിന്നും അധികൃതരില്‍നിന്നും അനുമതി ലഭിക്കുകയും, നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ 2022-ല്‍ തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.