അമേരിക്കയ്ക്ക് എതിരെ യുദ്ധമാണ് ലക്ഷ്യമെങ്കില്‍ ഇറാന്റെ അന്ത്യമായിരിക്കുമെന്ന് ട്രംപ്

അമേരിക്കക്കെതിരെ യുദ്ധത്തിനൊരുങ്ങുകയാണെങ്കില്‍ അത് ഇറാന്റെ അന്ത്യമായിരിക്കുമെന്ന താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ട്രംപ് പറഞ്ഞു.

മൂന്നു ദിവസം മുമ്പ് ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. നേരത്തെ ഗള്‍ഫ് തീരത്തേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിരുന്നു. ഇറാനെ ലക്ഷ്യമിട്ട് മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് ഗള്‍ഫ് മേഖലയില്‍ അമേരിക്ക വിന്യസിച്ചത്.

എന്നാല്‍ ഇറാന്‍ ഒരു യുദ്ധത്തിനായി ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് ശനിയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൈനാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇറാന്‍ യുദ്ധത്തിനൊരുങ്ങുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറില്‍നിന്ന് ഡൊണള്‍ഡ് ട്രംപ് പിന്മാറുകയും ഏകപക്ഷീയമായ ഉപരോധങ്ങള്‍ എര്‍പ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ വഷളായത്. കഴിഞ്ഞ മാസം ഇറാന്‍ പരമോന്നത സൈന്യത്തെ അമേരിക്ക ഭീകരസംഘമായി പ്രഖ്യാപിച്ചിരുന്നു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിനെ തിരിച്ച് ഇറാനും ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.