കശ്മീർ സാഹചര്യം 'മതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു', മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ആവര്‍ത്തിച്ച് ഡൊണൾഡ് ട്രംപ്

സങ്കീര്‍ണമായ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വീണ്ടും അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു

“ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ വളരെയധികം പ്രശ്നങ്ങളുണ്ട്, എന്തെങ്കിലും മദ്ധ്യസ്ഥത വഹിക്കാനോ ചെയ്യാനോ ഞാന്‍ പരമാവധി ശ്രമിക്കും. ഇതൊരു സങ്കീര്‍ണമായ സാഹചര്യമാണ്. മതവുമായി വളരെയധികം ബന്ധമുണ്ട്, “”ട്രംപ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രകോപനമായി സംസാരിക്കരുതെന്ന് ഇമ്രാന്‍ ഖാനോട് ട്രംപ്  ആവശ്യപ്പെട്ടു. മേഖലയിലെ പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് പറഞ്ഞു.

അതേസമയം കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്‌സ് അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ ഇതിനിടെയാണ് കശ്മീരില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.