അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊറോണ രോ​ഗികളുള്ളത് ബഹുമതിയായി കാണുന്നു: ട്രംപ്

ലോകത്ത് കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുമ്പോൾ ഏറ്റവും കൂടുതൽ കൊറോണ രോ​ഗികളുള്ളത് ബഹുമതിയായാണ് കാണുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

‘കൊറോണ രോഗികളില്‍ മുന്നിലുള്ളത് നമ്മളാണ്. നമ്മുടെ പരിശോധന മികച്ചതാണ് എന്നതിന്റെ തെളിവാണിത്. അതുകൊണ്ടു തന്നെ ഇതൊരു ബഹുമതിയായി കരുതുന്നു. ശരിക്കും ഇതൊരു ബഹുമതിയാണ്’- വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് ട്രംപ് പറഞ്ഞു.

ഏറ്റവും കൂടുതൽ കൊറോണ രോ​ഗം സ്ഥിരീകരിച്ച അമേരിക്കയിൽ തന്നെയാണ് ഏറ്റവും ഉയർന്ന മരണനിരക്കും രേഖപ്പെടുത്തിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 15 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡുണ്ട്. 92000-ത്തിലേറെ ആളുകൾ ഇതിനകം രാജ്യത്ത് രോ​ഗബാധ മൂലം മരിച്ചു.

ട്രംപിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ട് രം​ഗത്തെത്തി. കൊറോണ പ്രതിരോധത്തിൽ സർക്കാരിന്റെ പൂർണ പരാജയമാണ് രോ​ഗികളുടെ എണ്ണം കൂടുന്നതെന്ന് അവർ തുറന്നടിച്ചു.