ലോകാരോ​ഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചു; ധനസഹായം പൂർണമായും നിർത്തിവെയ്ക്കുമെന്ന് ട്രംപ്

കോവിഡ് വ്യാപനത്തിന് പിന്നാലെ ലോകാരോ​ഗ്യ സംഘടനയും അമേരിക്കയുമായുള്ള തർക്കം രൂക്ഷമാവുന്നു. ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക ഉപേക്ഷിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

ഡബ്ല്യു.എച്ച്.ഒ യ്ക്ക് നൽകിയിരുന്ന മൂവായിരം കോടി രൂപ വാർഷിക സഹായം മറ്റ് ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂർണമായും നിർത്തിവെയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മെയ് 19- ന് മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിൽ ഡബ്ല്യു.എച്ച്.ഒ പരാജയപ്പെട്ടുവെന്നും ചൈനയെ സഹായിക്കാൻ വിവരങ്ങൾ മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് നടപടി.

ആവശ്യപ്പെട്ട പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. അതിനാൽ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്നും തീരുമാനത്തെ പറ്റി വിശദീകരിക്കവേ ട്രംപ് പറഞ്ഞു. അമേരിക്ക പ്രതിവർഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്.