കോവിഡ് വ്യാപനം തടയാൻ അമേരിക്കയിൽ സാമൂഹിക അകലം നീട്ടി; ജൂൺ ഒന്നോടെ കോവിഡിനെ നിയന്ത്രിക്കാനാകുമെന്ന് ട്രംപ്

അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി സാമൂഹിക അകലം നീട്ടി. സോഷ്യൽ ഡിസ്റ്റൻസിംഗ് നിർദേശങ്ങൾ ഏപ്രിൽ മുപ്പത് വരെ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചു. ജൂൺ ഒന്നോടെ കൊവിഡിനെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. അടുത്ത രണ്ടാഴ്ച്ച മരണനിരക്ക് കൂടുമെന്നും പിന്നെ സ്ഥിതി മെച്ചപ്പെടുമെന്നും ട്രംപ് പ്രസ്താവിച്ചു.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 141,774 പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2,471 ആയി. അമേരിക്കയിലെ ഇല്ലിനോയിസിൽ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ ഒരു നവജാത ശിശു മരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരത്തിലേക്ക് കടക്കുകയാണ്. മൊത്തം കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി ഇരുപത്തി ഒന്നായിരം കവിഞ്ഞു.