പാകിസ്താനു പിന്നാലെ പലസ്തീന് മുന്നറിയിപ്പുമായി അമേരിക്ക ; സാമ്പത്തിക സഹായങ്ങള്‍ പിന്‍വലിക്കുമെന്ന് ട്രംപ്

പാകിസ്താനു നല്‍കിയിരുന്ന സാമ്പത്തിക സഹായം പിന്‍വലിച്ചതിന് പുറകെ പലസ്തീനും സമാനമായ മുന്നറിയിപ്പ് നല്‍കി അമേരിക്ക. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്തപക്ഷം പലസ്തീന് നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിര്‍ത്തിവയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപ് പലസ്തീന് മുന്നറിയിപ്പ് നല്‍കിയത്.

പാകിസ്താന്‍ മാത്രമല്ല തങ്ങള്‍ സാമ്പത്തികമായി വലിയ സഹായം ചെയ്യുന്ന മറ്റു രാജ്യങ്ങളും പാകിസ്താനെ പോലെ നന്ദികേട് കാണിക്കുന്നുണ്ട്. അതിലൊന്നാണ് പലസ്തീന്‍. മില്യണ്‍ കണക്കിന് ഡോളറിന്റെ സഹായം തങ്ങള്‍ പലസ്തീന് ചെയ്യുന്നുണ്ടെങ്കിലും യാതൊരു അഭിനന്ദനമോ ബഹുമാനമോ ഇത് വരെ ലഭിച്ചിട്ടില്ല. മാത്രമല്ല , ഇസ്രയേലുമായി വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സമാധാന കാരാര്‍ ഉണ്ടാക്കുവാനും അവര്‍ ഒരുക്കമല്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/realDonaldTrump/status/948322496591384576

https://twitter.com/realDonaldTrump/status/948322497602220032

Read more

അമേരിക്കയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തിന് സഹായം നല്‍കണമെന്നും ട്രംപ് ചോദിച്ചു. ജറുസലേം വിഷയത്തില്‍ ഇസ്രായേലിന് അനുകൂല നിലപാട് എടുത്തെങ്കിലും പലസ്തീന് സാമ്പത്തിക സഹായം ന്ല്‍കാന്‍ അമേരിക്ക വിമുഖത കാണിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാകിസ്താന്‍ ചെയ്തതുപോലെ നന്ദികേടാണ് പലസ്തീനും തുടരുന്നതെന്ന് ട്രംപ് ആരോപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന ആവശ്യം നിരാകരിച്ചു എന്നാരോപിച്ചാണ് അമേരിക്ക പാകിസ്താനു നല്‍കിയിരുന്ന സാമ്പത്തിക സഹായങ്ങള്‍ പിന്‍വലിച്ചത്.