'പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് സമ്മര്‍ദ്ദം ചെലുത്തണം'; അമേരിക്കയോട് മുതിര്‍ന്ന സെനറ്റ് അംഗം

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയെയോട് യുഎസ് സെനറ്റര്‍ ബോബ് മെനന്‍ഡസ് ആവശ്യപ്പെട്ടു. പൗരത്വ നിയമം ഭേദഗതി ചെയ്തതിലും പൗരത്വ പട്ടിക നടപ്പാക്കാനുള്ള തീരുമാനത്തിലും ആശങ്ക അറിയിച്ച് വിദേശകാര്യ കമ്മറ്റിയിലെ അംഗമായ ബോബ് ചൊവ്വാഴ്ച മൈക്ക് പോംപിയോയ്ക്ക് കത്ത് അയക്കുകയായിരുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലുമുള്ളവര്‍ക്ക് മനുഷ്യാവകാശം ഉറപ്പാക്കാന്‍ ആവശ്യപ്പെടുമെന്നും വിദേശകാര്യ കമ്മറ്റിയിലെ അംഗമായ ബോബ് കത്തിലൂടെ വ്യക്തമാക്കി.

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലായാല്‍ ഇന്ത്യയിലെ മുസ്‌ലിംകളെ ബാധിക്കും. ഇന്ത്യയിലെ മതേതരത്വത്തിലും ജനാധിപത്യമൂല്യങ്ങള്‍ക്കും വിരുദ്ധമാണ് സിഎഎയും എന്‍ആര്‍സിയും.

റോഹിംഗ്യന്‍ മുസ്‌ലിംകളെയും പാകിസ്ഥാനിലെ അഹമ്മദീയ വിഭാഗക്കാരെയും ഒഴിവാക്കിയതിലൂടെ ഇത് മതവിവേചനമാണ് സ്പഷ്ടമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍,രാജ്യത്ത് പൗരത്വ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതിനെ കുറിച്ച് അമേരിക്ക ഔദ്യോഗികമായി ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.