മലക്കം മറിഞ്ഞ് 'ടൈം മാഗസിനും'; മോദി വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ ഇന്ത്യയെ ഒരുമിപ്പിച്ചയാളെന്ന് വിശേഷിപ്പിച്ച് എഡിറ്റോറിയല്‍

ലോക്സഭ തിരഞ്ഞെടുപ്പിനു മുമ്പ് “ഇന്ത്യന്‍ വിഭജന തലവന്‍” എന്ന് മോദിയെ വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോദി അധികാരത്തില്‍ തിരിച്ചെത്തിയതോടെ നിലപാട് മാറ്റി. മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയെ ഒരുമിപ്പിക്കാത്ത തരത്തില്‍ മോദി ഇന്ത്യയെ ഒരുമിപ്പിച്ചെന്നാണ് ടൈം മാഗസിന്റെ പുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട്.

“ഭിന്നിപ്പിക്കുന്ന വ്യക്തിത്വമായി പരിഗണിക്കപ്പെടുന്നയാള്‍ക്ക് എങ്ങിനെയാണ് അധികാരം നിലനിര്‍ത്തുന്നതിനൊപ്പം പിന്തുണ വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞത്?” എന്ന് മനോജ് ലാഡ്വ എഴുതുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ശാപമായ വര്‍ഗീയ വിഭജനം മോദിയ്ക്ക് മറികടക്കാന്‍ കഴിഞ്ഞതു കൊണ്ടാണ് എന്ന് ഉത്തരവും നല്‍കുന്നു ലാഡ്‌വ.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഭിന്നിപ്പിലാണ്” എന്നര്‍ത്ഥം വരുന്ന തലക്കെട്ടിലുള്ള ടൈം മാഗസിന്റെ കവര്‍ സ്റ്റോറി വോട്ടെടുപ്പ് സമയത്ത് വലിയ ചര്‍ച്ചകള്‍ക്കു വഴി വെച്ചിരുന്നു. ആതിഷ് തസീര്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചും യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചതിനെ കുറിച്ചും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ചുമെല്ലാം പരാമര്‍ശിച്ചിരുന്നു.

പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ലേഖകന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നും അദ്ദേഹത്തിന് വിശ്വാസ്യതയില്ലെന്നും പറഞ്ഞ് മോദി ഈ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ തള്ളിയിരുന്നു.

ഇതാദ്യമൊന്നുമല്ല മോദിയുടെ കവര്‍ ചിത്രങ്ങളുമായി ടൈം മാഗസിന്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷമായി മാഗസിന്‍ മോദിക്ക് പിന്നാലെ തന്നെയുണ്ട്. 2012 മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ആദ്യമായി ടൈം മാഗസിന്‍ അദ്ദേഹത്തിന്റെ കവര്‍ചിത്രം പുറത്തിറക്കിയത്. പക്ഷേ അന്ന് മോദിയെ വിമര്‍ശിക്കാന്‍ വേണ്ടിയായിരുന്നില്ല.

പത്ത് വര്‍ഷക്കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ അവിടെ മോദി നടപ്പാക്കിയ വികസനത്തെ അഭിനന്ദിക്കുന്നതിനു വേണ്ടിയായിരുന്നു അത്. “മോദി എന്നാല്‍ വ്യവസായം; പക്ഷേ അദ്ദേഹത്തിന് ഇന്ത്യ ഭരിക്കാനാകുമോ?” എന്നായിരുന്നു അന്നത്തെ കവറിന്റെ തലക്കെട്ട്. അതേസമയം, വിവാദങ്ങളുണ്ടാക്കുന്ന, അതിമോഹിയായ, സാമര്‍ത്ഥ്യമുള്ള രാഷ്ട്രീയക്കാരനായും അവര്‍ മോദിയെ വിശേഷിപ്പിച്ചു.

അടുത്ത കവര്‍ ചിത്രം ടൈം മാഗസിന്‍ പുറത്തിറക്കിയത് 2015-ലായിരുന്നു. “വൈ മോദി മാറ്റേഴ്‌സ്” എന്ന തലക്കെട്ടോടു കൂടിയുള്ള കവറില്‍ മോദിയുടെ ഒരു പൂര്‍ണചിത്രവുമുണ്ടായിരുന്നു. മോദിയുമായുള്ള എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ആയിരുന്നു ഉള്ളടക്കം. ഏഷ്യയെ ഒരു ആഗോളശക്തിയാക്കാന്‍ മോദിക്കു കഴിയുമോ എന്ന ചോദ്യവും കവറിനോടൊപ്പം അവര്‍ നല്‍കിയിരുന്നു.

Read more

എന്നാല്‍, ഈ രണ്ട് കവറില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോള്‍ മാഗസിന്‍ മോദിക്ക് നല്‍കുന്ന പരിവേഷം. വാഗ്ദാനങ്ങളൊന്നും നിറവേറ്റാത്ത മോദിയുടെ ഭരണത്തെ അതിരൂക്ഷമായ ഭാഷയിലാണ് ടൈം മാഗസിന്‍ വിമര്‍ശിക്കുന്നത്. മോദിയുടെ പ്രതിച്ഛായ തകര്‍ന്നടിഞ്ഞെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രധാനമന്ത്രിക്ക് മേല്‍ പ്രത്യാശ പ്രകടിപ്പിച്ച ടൈം മാഗസിന്‍ തന്നെ.