വ്‌ളാദിമിര്‍ പുട്ടിന് നേരെ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന് നേരെ വധശ്രമമുണ്ടായതായി യുറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. യൂറോ വീക്കിലി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത് . റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പുടിന്റെ ആരോഗ്യസ്ഥിതിയെ പറ്റി ആശങ്കയുണര്‍ത്തുന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വധശ്രമം നടന്നതായുള്ള വാര്‍ത്ത പുറത്ത് വരുന്നത്്.

പുടിന്‍ സഞ്ചരിച്ച വാഹനത്തിന്റെ മുന്‍ഭാഗത്തെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യൂറോ വീക്കിലി ന്യുസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ റഷ്യന്‍ സമയം 7.36 നാണ് സംഭവമുണ്ടായത്. പുക ഉയര്‍ന്നെങ്കിലും കാര്‍ സുരക്ഷിതമായി നിര്‍ത്താന്‍ സാധിച്ചു. അപകടത്തില്‍ പുടിന് പരുക്കേറ്റിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചിലരെ അറസ്റ്റ് ചെയ്തതായും യൂറോ വീക്കിലി ന്യുസ് അറിയിക്കുന്നു.

ഔദ്യോഗിക വസതിയിലേക്ക് മടങ്ങവെയാണ് പുടിന്റെ വാഹനം അപകടത്തില്‍പ്പെട്ടതെന്ന് മറ്റ് വാര്‍ത്താ ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നുമായുളള യുദ്ധം റഷ്യയുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന ആരോപണങ്ങള്‍ നിലനില്‍ക്കവെയാണ് പുടിനെതിരായ വധശ്രമം.യുദ്ധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പുടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അധികാരത്തില്‍ നിന്ന് നീക്കണമെന്നാണ് ഇവരുടെ ആവശ്യം.