'ഉക്രൈയ്‌ന് എതിരായ യുദ്ധം അവസാനിപ്പിക്കണം'; പുടിനോട് അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഉക്രൈയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനോട് വ്യക്തിപരമായി അപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിലെ രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്നും സ്വന്തം ജനങ്ങളോടുളള സ്‌നേഹം കൊണ്ടെങ്കിലും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഉക്രൈയ്‌നിന് വേണ്ടി നടന്ന പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ പറഞ്ഞു.

ഉക്രൈയ്‌നിലെ നാല് പ്രദേശങ്ങള്‍ പിടിച്ചെടുത്ത റഷ്യന്‍ നടപടികളില്‍ മാര്‍പാപ്പ അപലപിക്കുകയും ചെയ്തു. യുദ്ധം ന്യൂക്ലിയര്‍ പോരാട്ടം ഉണ്ടാക്കുമോയെന്ന ഭയവും ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവെച്ചു. ഉക്രൈയ്ന്‍ ജനങ്ങള്‍ അനുഭവിക്കുന്ന വലിയ വേദന കണക്കിലെടുത്ത് ഗൗരവത്തോടെ സമാധാന ശ്രമങ്ങള്‍ നടത്തണമെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കിയോടും മാര്‍പാപ്പ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഡോണ്‍ബാസ്‌ക്, സെപോര്‍ജിയ ഉള്‍പ്പെടെയുള്ള ഉക്രൈന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഹിത പരിശോധന നടത്തി തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്തെ ഒരു നഗരം ഉക്രൈന്‍ സൈന്യം തിരിച്ച് പിടിച്ചു.

മോസ്‌കോ ക്രെംലിനില്‍ നടന്ന ഔപചാരിക ചടങ്ങിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉക്രൈനിന്റെ തെക്ക് കിഴക്കന്‍ പട്ടണങ്ങളായ ലുഹാന്‍സ്‌ക്, ഖേര്‍സോണ്‍, സപ്പോരിസിയ, ഡോനെറ്റസ്‌ക് എന്നീ പ്രദേശങ്ങളെ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കി കൊണ്ട് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് തങ്ങള്‍, തെക്ക് കിഴക്കന്‍ നഗരമായ ലൈമാന്‍ തിരിച്ച് പിടിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടത്.