കൊറോണയെ തുരത്താന്‍ ക്ഷയരോഗത്തിനുള്ള വാക്സിന്‍ പരീക്ഷണത്തിന് ഒരുങ്ങി ഓസ്ട്രേലിയ

കൊറോണയ്‌ക്കെതിരെ ക്ഷയരോഗത്തിനുള്ള പ്രതിരോധ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഓസ്ട്രേലിയ. കോവിഡ്-19 ബാധിച്ചവരെ ചികിത്സിക്കുന്നവര്‍ അടക്കമുള്ളവര്‍ക്കാണ് ക്ഷയരോഗത്തിനെതിരായ വാക്സിന്‍ നല്‍കാനൊരുങ്ങുന്നത്.

ക്ഷയത്തിനെതിരായ ബിസിജി വാക്സിന്‍ 100 വര്‍ഷത്തോളമായി ഉപയോഗിക്കുന്നുണ്ട്. ക്ഷയത്തിന് മാത്രമല്ല മൂത്രാശയ കാന്‍സറിന്റെ ആദ്യ ഘട്ട ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ജാഗരൂകമാക്കാനാണ് വാക്സിന്‍ പ്രയോഗിക്കുന്നത്.

ബിസിജി വാക്സിന്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നു. അതിലൂടെ നിരവധി ബാക്ടീരിയ, വൈറസ് ബാധകള്‍ക്കെതിരെ ശരീരം മികച്ച രീതിയില്‍ പ്രതിരോധം തീര്‍ക്കുന്നുവെന്ന് മെല്‍ബണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ. നിഗെല്‍ കുര്‍ടിസ് പറയുന്നു.

ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ ഏതാണ്ട് 4,000 ആരോഗ്യപ്രവര്‍ത്തകരില്‍ വാക്സിന്‍ പ്രയോഗിക്കാനാണ് തീരുമാനം. പരീക്ഷിച്ച് വിജയിക്കാത്ത ഒരു വാക്സിന്‍ നല്‍കുന്നതിനേക്കാള്‍ ബിസിജി വാക്സിന്‍ നല്‍കുന്നതാണ് നല്ലതെന്നാണ് ഇവര്‍ പറയുന്നത്. ഈ വാക്സിന്‍ എടുക്കുന്ന ആളിന്റെ തൊലിപ്പുറത്ത് പാടും ചിലരില്‍ ചില അസ്വസ്ഥതകളും ഉണ്ടാക്കും എന്നുമാത്രം.

ലോകത്തെമ്പാടും വര്‍ഷംതോറും 13 കോടി കുട്ടികള്‍ക്ക് ബിസിജി വാക്സിന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യമാണ് ആരോഗ്യ വിദഗ്ധര്‍ പരിശോധിക്കുന്നത്. രോഗം പകരാന്‍ ഏറ്റവുമധികം സാദ്ധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയെന്നതാണ് മെല്‍ബണ്‍ അധികൃതര്‍ പരിശോധിക്കുന്നത്.

ആഫ്രിക്കയില്‍ നടന്ന പഠനത്തില്‍ ബിസിജി വാക്സിന്‍ ക്ഷയരോഗത്തിനെതിരെ മാത്രമല്ല രോഗങ്ങള്‍ക്ക് കാരണമാകാവുന്ന അണുബാധകളെയും തടയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്സിന്‍ നല്‍കുന്നതിലൂടെ ശരീരത്തിന്റെ മൊത്തം പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അവയ്ക്കെതിരെ ശരീരം ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ സമയമെടുക്കും. എന്നാല്‍ വാക്സിനേഷന്‍ എടുത്ത ആളില്‍ രോഗാണുവിനെതിരെ ശ്വേത രക്താണുക്കള്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും ഗവേഷകര്‍ പറയുന്നു.

എന്നാല്‍ ബിസിജി വാക്സിന്‍ കൊറോണയ്ക്കെതിരായ ഒറ്റമൂലിയാകുമോയെന്ന് പറയാറായിട്ടില്ല, പരീണം നടന്നു കൊണ്ടിരിക്കുകയാണ്. കൊറോണ ബാധിച്ചവരുടെ രക്ത സാമ്പിള്‍ പരീക്ഷണത്തിന് മുമ്പും അതിന് ശേഷവും ശേഖരിക്കും. വിശദമായ പഠനം ഇക്കാര്യത്തില്‍ നടക്കുമെന്നാണ് അറിയുന്നത്.