ഗർഭിണിയായ പൊലീസുകാരിയെ കുടുംബത്തിന് മുമ്പില്‍ വെച്ച് കൊലപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ ഒരു അഫ്ഗാൻ പൊലീസുകാരിയെ അവരുടെ കുടുംബത്തിനു മുമ്പിൽ വെച്ച് താലിബാൻ വെടിവെച്ചു കൊന്നു.  കൊല്ലപ്പെട്ട നിഗാര 6 മാസം ഗർഭിണിയായായിരുനെന്നും ഭർത്താവിന്റെയും കുട്ടികളുടെയും മുമ്പിൽ വെച്ച് താലിബാൻ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ഹിജാബും ബുർഖയും ഇല്ലാതെ കണ്ടാൽ താലിബാൻ അപായപ്പെടുത്തും എന്ന ഭയത്തിലാണ് അഫ്ഗാനിൽ ഭൂരിഭാഗം സ്ത്രീകളുമെന്നാണ് റിപ്പോർട്ടുകൾ. 1990 കളിൽ അഫ്ഗാനിൽ സ്ത്രീകൾക്കെതിരെ ഉണ്ടായിരുന്ന അടിച്ചമർത്തലിന് സമാനമായ ഒന്നാണിത്.

യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷം സർക്കാർ രൂപീകരണത്തിൽ സ്ത്രീ പ്രാതിനിധ്യവും അവകാശങ്ങളും ആവശ്യപ്പെട്ട് ഡസൻ കണക്കിന് അഫ്ഗാൻ സ്ത്രീകൾ ഹെറാത്തിൽ പ്രതിഷേധം നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം സ്ത്രീകൾക്കെതിരെ താലിബാൻ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

താലിബാൻ ഭരണത്തിൻ കീഴിൽ രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകൾ പ്രതിഷേധക്കാർ വഹിച്ചിരുന്നു, ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

20 വർഷത്തിനു ശേഷം താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്തപ്പോൾ, ഭീകരരുടെ ഭരണത്തിൻ കീഴിൽ അഫ്ഗാൻ സ്ത്രീകളുടെ ഭാവി മിക്കവാറും അനിശ്ചിതത്വത്തിൽ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.