ശ്രീലങ്കയില്‍ പൊലീസ് റെയ്ഡിനിടെ ഏറ്റുമുട്ടല്‍; 15 മരണം, കൊല്ലപ്പെട്ടവരില്‍ ആറു കുട്ടികളും

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ പങ്കുള്ളവരെ കണ്ടെത്താനായി ശ്രീലങ്കന്‍ പൊലീസ് നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊല്ലപ്പെട്ടവരില്‍ ആറു കുട്ടികളുണ്ട്. അമ്പാര ജില്ലയിലെ സെയ്ന്തമരുതിലാണ് സംഭവം.

സെയ്ന്തമരുതില്‍ സ്ഫോടകവസ്തു ശേഖരമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. സൈന്യവും പൊലീസും ചേര്‍ന്ന് റെയ്ഡ് നടത്തുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ ഇവര്‍ക്ക് നേരെ നിറയൊഴിച്ചു. പിന്നാലെ സ്ഫോടനങ്ങളുണ്ടായി.

സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. നാഷണല്‍ തൗഹീദ് ജമാഅത്താണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് നിന്ന് സ്ഫോടകവസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്റെ പതാക, യൂണിഫോം തുടങ്ങിയവ ലഭിച്ചു.