ഉക്രൈനില്‍ കുടുങ്ങിയ ബംഗ്ലാദേശികളെ സുരക്ഷിതമായി എത്തിച്ചതിന് ഇന്ത്യയ്ക്ക് നന്ദി: ഷെയ്ഖ് ഹസീന

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങി കിടന്ന ബംഗ്ലാദേശ് വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ രക്ഷാദൗത്യത്തിനൊപ്പം സുരക്ഷിതമായി ഒഴിപ്പിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ഷെയ്ഖ് ഹസീന. ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദിഅറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ രക്ഷാദൗത്യത്തില്‍ 9 നേപ്പാള്‍, ടുണീഷ്യന്‍ വിദ്യാര്‍ത്ഥികളെയും ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചു. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഉക്രൈനിലെ സുമിയില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് ഒഴിപ്പിച്ചത്. 694 വിദ്യാര്‍ത്ഥികളെയാണ് ഒഴിപ്പിച്ചത്. ഇവരെ ലിവിവിലേക്ക് എത്തിക്കും അവിടെ നിന്ന് അതിര്‍ത്തികളില്‍ എത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി.

അതോ സമയം റഷ്യ-ഉക്രൈന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ചൈന രംഗത്തെത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് നടത്തിയ വെര്‍ച്വല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴത്തെ സാഹചര്യം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജിന്‍പിങ് അഭിപ്രായപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.