ഓഹരി ഉടമകളുടെ അംഗീകാരം, ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് വാങ്ങും

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് ട്വിറ്റര്‍ ഓഹരി ഉടമകളുടെ അംഗീകാരം. 4,400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറിനാണ് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. കരാറില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്.

ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ കഴിഞ്ഞ ഏപ്രിലിലാണ് ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകന്‍ കൂടിയായ മസ്‌ക് ഒപ്പുവച്ചത്. പിന്നാലെ ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ പെരുകുന്നതിനെതിരെ ഇലോണ്‍ മസ്‌ക് അടുത്തിടെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരം നല്‍കുന്നതടക്കം കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കരാര്‍ അവസാനിപ്പിക്കുന്നതായി മസ്‌ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഏറ്റെടുക്കലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.