സെപ്തംബര്‍ 11; ലോകം നടുങ്ങിയ ഭീകരതയുടെ രണ്ടുപതിറ്റാണ്ട്

അമേരിക്കയ്ക്കു മേലുള്ള ജിഹാദ് അഥവാ വിശുദ്ധയുദ്ധം എന്ന് പേരിട്ട ആക്രമണ ഭീകരവാദത്തിന്റെ ഏറ്റവും ഭയാനകമായ ഓര്‍മ്മകള്‍ക്ക് ഇരുപതാണ്ട്. ലോകസമാധാനത്തെ അട്ടിമറിച്ച് അമേരിക്കന്‍ ഐക്യനാട്ടില്‍ ഭീകരതയ്ക്ക് തിരികൊളുത്തിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഭീകരര്‍ക്ക് മേല്‍ ശക്തമായ മുന്നറിയിപ്പുമായി ഇറങ്ങിയ അമേരിക്ക ഭീകരവാദികളോട് അടിയറവ് പറഞ്ഞ് അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

സെപ്റ്റംബര്‍ 11 സൃഷ്ടിച്ച യുദ്ധം അഫ്ഗാനില്‍ മാത്രമായിരുന്നില്ല, ശീതയുദ്ധാനന്തരം വീണ്ടും ലോകത്തെ രണ്ടായി വിഭജിക്കപ്പെട്ടു. അമേരിക്കന്‍ വിരോധരും അല്ലാത്തവരുമായി മാറി. 2001 ഒക്ടോബറിലെ അഫ്ഗാന്‍ ആക്രമണം, 2003 മാര്‍ച്ചിലെ ഇറാഖ് ആക്രമണം, ഇസ്രയേല്‍, ലെബനന്‍, സിറിയ, പാകിസ്ഥാന്‍ തുടങ്ങി പല ആക്രമണങ്ങളും ആരംഭിച്ചത് സെപ്റ്റംബര്‍ 11ലെ പഴയ സംഭവം തന്നെയാണ്. അഫ്ഗാനിലെ ഒന്നരലക്ഷം, യമനില്‍ തൊണ്ണൂറായിരം, ഇറാഖില്‍ മൂന്നുലക്ഷം, പാകിസ്ഥാനില്‍ അറുപതിനായിരം അങ്ങനെ ജീവനുകള്‍ പലതും പൊലിഞ്ഞു.

2001 സെപ്റ്റംബര്‍ 11ന് പകല്‍ ലോകത്തെ ഞെട്ടിച്ച് ലോക വ്യാപാര സമുച്ചയത്തിന്റെ രണ്ടു ടവറുകള്‍ നിലംപൊത്തി. 1993ലാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ലക്ഷ്യമിട്ട ആദ്യ ശ്രമമുണ്ടാകുന്നത്. 1993 ഫെബ്രുവരി 26ന് സെന്ററിന്റെ വടക്കേ കവാടത്തിന് താഴെ സ്‌ഫോടനം നടക്കുന്നു. പിന്നീട് ആദ്യ ആക്രമണത്തിന് നേതൃത്വം കൊടുത്ത ഖാലിദിന്റെ നേതൃത്വത്തില്‍ 2001ല്‍ ഭീകരവാദികള്‍ ലക്ഷ്യം കാണുന്നു. ഖാലിദ് ഷേക്ക് മുഹമ്മദാണ് ഈ ആക്രമണത്തിന്റെ ആശയം 1996 ല്‍ ഒസാമ ബിന്‍ ലാദനു മുന്‍പില്‍ അവതരിപ്പിച്ചത്. 1998 ല്‍ ബിന്‍ ലാദന്‍ ഈ പദ്ധതിയ്ക്ക് അനുമതി നല്‍കി.

അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയുയര്‍ത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നിശ്ശേഷം തകര്‍ത്തു. യുദ്ധതന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല.
ആക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്: ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖയ്ദയിലെ 19 അംഗങ്ങള്‍ നാല് അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ റാഞ്ചി. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനില്‍ ഉള്ള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയായിലെ സോമര്‍സെറ്റ് കൌണ്ടിയിലുള്ള ഒരു പാടശേഖരത്തില്‍ തകര്‍ന്നു വീണു. ഈ വിമാനം വൈറ്റ്ഹൗസ് ലക്ഷ്യമാക്കിയാണ് നീങ്ങിയെതെന്നു കരുതുന്നു.

ചാവേര്‍ ആക്രമണം കഴിഞ്ഞയുടനെ ഇതിനു പിന്നില്‍ അല്‍ഖയ്ദ ആയിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. ചാവേര്‍ ആക്രമണത്തെ പ്രകീര്‍ത്തിച്ചെങ്കിലും ഒസാമ ബിന്‍ലാദന്‍ തുടക്കത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. സെപ്റ്റംബര്‍ 16ന് ഖത്തറിലെ അല്‍ജസീറ ചാനല്‍ വഴി പുറത്തുവിട്ട സന്ദേശത്തില്‍ ലാദന്‍ ചാവേര്‍ ആക്രമണത്തില്‍ തന്റെ പങ്ക് ആവര്‍ത്തിച്ചു നിഷേധിച്ചു. ലാദന് രാഷ്ട്രീയ അഭയം നല്‍കിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ഭരണകൂടവും ഭീകരാക്രണത്തില്‍ അയാള്‍ക്കുള്ള പങ്ക് തള്ളിക്കളഞ്ഞു. സംഭവം കഴിഞ്ഞയുടനെ പലസ്തീന്‍ തീവ്രവാദ സംഘടനയായ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദ് ലിബറേഷന്‍ ഓഫ് പലസ്തീന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഉടന്‍തന്നെ സംഘടനയുടെ മുതിര്‍ന്ന നേതാവ് ഇതു തിരുത്തിപ്പറഞ്ഞു. പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. അമേരിക്കയുമായി ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഇറാഖിലെ സദ്ദാം ഹുസൈന്‍ ഒഴികെ മറ്റെല്ലാവരും ചാവേര്‍ ആക്രമണത്തെ അപലപിച്ചു. ലിബിയയിലെ ഗദ്ദാഫി, ഇറാനിലെ മുഹമ്മദ് ഖത്താമി, ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോ എന്നിവര്‍ ഇതില്‍പ്പെടുന്നു. ലോക ജനതയ്ക്കു നേരെ അമേരിക്ക നടത്തുന്ന അതിക്രമങ്ങളുടെ ഫലമെന്നാണ് സദ്ദാം ഹുസൈന്‍ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. ഏതായാലും ഭീകരാക്രമണത്തിനു പിന്നില്‍ അല്‍ഖയ്ദ തന്നെയാണെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം. ഇതിനെ പിന്തുണയ്ക്കുന്ന പല രേഖകളും കണ്ടെത്തിയതായി അവര്‍ അവകാശപ്പെടുകയും ചെയ്തു.

ചാവേറാക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യാന്തര തലത്തിലേക്കു കത്തിപ്പടരാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അല്‍ഖയ്ദ ഭീകരരെ വേട്ടയാടാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ആക്രമിച്ചതായിരുന്നു ഇതില്‍ പ്രധാനം. ചാവേര്‍ ആക്രമണം കഴിഞ്ഞ് ഒരു മാസമായപ്പോഴായിരുന്നു ഇത്. ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങള്‍ ഇതില്‍ അമേരിക്കയോടൊപ്പം ചേര്‍ന്നു. സ്വന്തം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടത്തിനെതിരായിട്ടും പാകിസ്താന്‍ പ്രസിഡണ്ട് പര്‍വേഷ് മുഷാറഫ് അമേരിക്കയ്ക്ക് പിന്തുണ നല്‍കി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി വിട്ടുനല്‍കിയ പാകിസ്താന്‍ ഒരുമുഴം നീട്ടിയെറിയുകയായിരുന്നു. ഈ ഉപകാരത്തിനു പ്രതിഫലമായി പാകിസ്താന് ഒട്ടേറെ സഹായങ്ങള്‍ ലഭിച്ചു. 9/11നു ശേഷം ഒട്ടേറെ രാജ്യങ്ങള്‍ നയങ്ങളില്‍ വന്‍ അഴിച്ചുപണി നടത്തി. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് മിക്ക രാജ്യങ്ങളും കടിഞ്ഞാണിട്ടു. ഭീകരതയെ സഹായിക്കുന്നു എന്നു സംശയമുള്ളവരുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കപ്പെട്ടു. എല്ലാ രാജ്യങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന ശക്തമാക്കി. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും 9/11 കാരണമായി.

എന്നാല്‍ 9/11 ന് 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഫ്ഗാനില്‍ സേനാ പിന്മാറ്റം പൂര്‍ത്തീകരിച്ച് താലിബാന്‍ തീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ അമേരിക്കയെ ആണ് കാണാനാകുന്നത്. ഭീകരവാദത്തിന് മേല്‍ സന്ധിയില്ലാ പോരാട്ടമെന്ന് പ്രഖ്യാപിച്ച ലോക പൊലീസിന്റെ പിന്മാറ്റം.