ചൈനയിൽ 37 പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെയും, രണ്ട് മുതിർന്നവരെയും കത്തി കൊണ്ട് കുത്തി സെക്യൂരിറ്റി ഗാർഡ്

തെക്കൻ ചൈനയിലെ ഒരു പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച കത്തി ഉപയോഗിച്ച് ആക്രമണകാരി 37 വിദ്യാർത്ഥികളെയും രണ്ട് മുതിർന്നവരെയും പരിക്കേൽപ്പിച്ചു. കുറ്റവാളി സുരക്ഷാ ഉദ്യോഗസ്ഥനാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കുത്തേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഗ്വാങ്‌സി മേഖലയിലെ കാങ്‌വു കൗണ്ടിയിലെ അധികൃതർ അറിയിച്ചു.

വാങ്ഫു സെൻട്രൽ പ്രൈമറി സ്‌കൂളിൽ രാവിലെ എട്ടരയോടെ കുട്ടികൾ ക്ലാസിലേക്ക് സാധാരണ ദിവസങ്ങളിലെ പോലെ എത്തിയപ്പോഴാണ് സംഭവം. അമ്പതോളം വയസ് പ്രായമുള്ള ആക്രമണകാരിയെ പിടികൂടിയതായി സർക്കാർ അറിയിച്ചു.

“37 വിദ്യാർത്ഥികൾക്ക് നേരിയ പരിക്കുകളും രണ്ട് മുതിർന്നവർക്ക് കുറച്ചുകൂടി ഗുരുതരമായ പരിക്കുകളും സംഭവിച്ചു. എല്ലാവരേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്, ആരുടെയും ജീവൻ അപകടത്തിലല്ല,” റിപ്പോർട്ടിൽ പറയുന്നു.

കൊറോണ വൈറസ് പടർന്നുപിടിച്ച് മാസങ്ങളോളം അടച്ചതിനുശേഷം ഈ മാസം ഈ പ്രദേശത്തെ സ്കൂളുകൾ വീണ്ടും തുറന്നതേ ഉണ്ടായിരുന്നുള്ളൂ.

ചൈനയിലെ നിരവധി സ്കൂളുകൾ സമീപ വർഷങ്ങളിൽ ആക്രമണത്തിന് ഇരയായിട്ടുണ്ട്, ഇത്തരം അക്രമങ്ങളുടെ മൂലകാരണങ്ങളെ കുറിച്ച് കൂടുതൽ ഗവേഷണം നടത്താനും സ്കൂളുകളിൽ സുരക്ഷ ശക്തമാക്കാനും അധികാരികൾ നിർബന്ധിതരായിട്ടുണ്ട്.

നവംബറിൽ, തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലെ ഒരു കിന്റർഗാർട്ടനിൽ ഒരാൾ മതിൽ ചാടിക്കടന്ന് മാരകമായ ദ്രാവകം ആളുകൾക്ക് മേൽ തളിച്ചു, അതിൽ 51 പേർക്ക് പരിക്കേറ്റു, കൂടുതലും വിദ്യാർത്ഥികൾ.

കഴിഞ്ഞ സെപ്റ്റംബറിൽ മധ്യ ഹുബെ പ്രവിശ്യയിലെ “സ്കൂളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ” എട്ട് സ്കൂൾ കുട്ടികൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, 40 കാരനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഏപ്രിലിൽ മധ്യ ഹുനാൻ പ്രവിശ്യയിലെ ഒരു പ്രൈമറി സ്‌കൂളിൽ ഒരാൾ കത്തി ഉപയോഗിച്ച്‌ രണ്ട് പേരെ കൊല്ലുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2018 ഏപ്രിലിൽ, ഒൻപത് മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരാൾ കൊലപ്പെടുത്തി, സമീപകാലത്ത് ചൈനയിൽ കണ്ട ഏറ്റവും ഭീകരമായ കത്തികൊണ്ടുള്ള ആക്രമണമായിരുന്നു ഇത്.

2017 ജൂണിൽ ജിയാങ്‌സു പ്രവിശ്യയിലെ ഒരു കിന്റർഗാർട്ടന് പുറത്ത് സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.