ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ ട്രംപ്; വ്യാമോഹമെന്ന് പരിഹാസം

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമാക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഗ്രീന്‍ലന്‍ഡിനെ അമേരിക്കയോടു കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതകളെ കുറിച്ചു വിദഗ്ധരോട് ട്രംപ് അഭിപ്രായം ചോദിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

85 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ടു കിടക്കുന്ന ഈ ദ്വീപിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും പ്രകൃതി വിഭവങ്ങളെ കുറിച്ചും ട്രംപ് അന്വേഷിച്ചതായും മാധ്യമമാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അറ്റ്‌ലാന്റിക്ആര്‍ടിക് സമുദ്രങ്ങള്‍ക്കിടയില്‍ കാനഡയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഭൂരിഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ടതാണ്. ഗ്രീന്‍ലന്‍ഡ് 1953 മുതലാണ് ഡെന്മാര്‍ക്കിന്റെ ഭാഗമായത്.

1979ല്‍ ആഭ്യന്തര സ്വയംഭരണം ലഭിച്ചു. 2009ല്‍ കൂടുതല്‍ സ്വാതന്ത്ര്യം ഗ്രീന്‍ലന്‍ഡിന് അനുവദിച്ചു കിട്ടിയെങ്കിലും വിദേശകാര്യം, സുരക്ഷ എന്നിവ ഉള്‍പ്പെടെ നയതന്ത്ര കാര്യങ്ങള്‍ ഇപ്പോഴും തീരുമാനിക്കുന്നത് ഡെന്മാര്‍ക്കാണ്.

എന്നാല്‍ ട്രംപിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. ട്രംപിന്റെത് ഏപ്രീല്‍ ഫൂള്‍ തമാശമാത്രമാണെന്ന് ഡെന്‍മാര്‍ക്ക് മുന്‍ പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സെന്‍ ട്വീറ്റ് ചെയ്തു.

ഇതെല്ലാം ട്രംപിന്റെ വ്യാമോഹം മാത്രമാണെന്നും പ്രസിഡന്റ് പദവിയില്‍ എത്തുന്നതിനു മുന്‍പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ട്രംപ്‌ തൊഴില്‍ മറന്നിട്ടില്ലെന്നും ഒരു വിഭാഗം പരിഹസിച്ചു.

ലോകത്തെ ഏറ്റവും വലിയ ജൈവ ഉദ്യാനം എന്ന ഖ്യാതി നേടിയ ദേശീയ ഉദ്യാനം ഗ്രീന്‍ലന്‍ഡിലാണ്. നാലു ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാംപുകളും ഗ്രീന്‍ലന്‍ഡില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവിടത്തെ 8.11 ലക്ഷം ചതുരശ്ര മൈല്‍ പ്രദേശത്തു ലഭ്യമാകുന്ന പ്രകൃതിവിഭവങ്ങളിലും ട്രംപിനു കണ്ണുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.