സൗദിയില്‍ സാമ്പത്തിക അച്ചടക്കം പുകയുന്നു: പ്രതിഷേധിച്ച രാജകുമാരന്മാരെ അറസ്റ്റുചെയ്തു

സൗദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക അച്ചടക്ക നടപടികളോട് വിജയോജിപ്പു പ്രകടിപ്പിച്ച രാജകുമാരന്മാരെ സൗദി അറേബ്യ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. 11 രാജകുമാരന്മാരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി രാജകുടുംബാംഗങ്ങളുടെ വൈദ്യുതി, ജല ബില്ലുകള്‍ വഹിക്കുന്നതു സൗദി സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെതിരേയാണ് രാജകുമാരന്മാര്‍ പ്രതിഷേധം നടത്തിയത്. റിയാദിലെ ഖസ്ര്‍ അഹോകം കൊട്ടാരത്തില്‍ രാജകുമാരന്മാര്‍ ഒത്തുകൂടുകായിയരുന്നു. അല്‍ ഹായെര്‍ ജയിലിലേക്കു മാറ്റിയ സംഘത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണു കടുത്ത നടപടിയെന്നാണു വിവരം.

തങ്ങളുടെ ഒപ്പമുള്ളയൊരാളെ വധശിക്ഷയ്ക്കു വിധിച്ചതിനാല്‍ അതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. വിചാരണയ്ക്കു ഹാജരാക്കും. നവംബര്‍ ആദ്യം അഴിമതിക്കേസില്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 201 പേരെ സൗദി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അനധികൃത സ്വത്ത് രാജ്യത്തിനു വിട്ടുനല്‍കിയവരെ മോചിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

അതേസമയം, സര്‍ക്കാര്‍ നടപടികളുടെ അനന്തരഫലമായി ജീവിതച്ചെലവുയര്‍ന്ന സാഹചര്യത്തില്‍ സൗദി അറേബ്യന്‍ ജനതയ്ക്ക് സല്‍മാന്‍ രാജാവ് അലവന്‍സ് പ്രഖ്യാപിച്ചിരുന്നു . ഗാര്‍ഹിക പാചകവാതക വിലവര്‍ധനയും മൂല്യവര്‍ധിത നികുതി (വാറ്റ്) യും മൂലം വലയുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത ഒരുവര്‍ഷത്തേക്ക് 1,000 റിയാലിന്റെ അലവന്‍സാണ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്.

സമ്പദ്വ്യവസ്ഥയിലെ വൈവിധ്യവത്കരണം ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യ കഴിഞ്ഞ തിങ്കളാഴ്ചയാണ് പാചകവാതകം അടക്കമുള്ളവയ്ക്ക് ഇരട്ടിയിലധികം വിലവര്‍ധിപ്പിച്ചത്.

ഇതിനുപുറമേ വന്‍തോതില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചുശതമാനം വാറ്റും ഏര്‍പ്പെടുത്തി. സമ്പദ് രംഗം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച പരിഷ്‌കാരങ്ങള്‍ ചില ജനവിഭാഗങ്ങള്‍ക്ക് അമിതഭാരം വരുത്തുന്നതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു രാജാവിന്റെ പ്രഖ്യാപനത്തിലുണ്ട്.