ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരെ കൂട്ടിയിട്ട് കത്തിച്ചോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന 'ഉപഗ്രഹ ചിത്ര'ത്തിന്റെ യാഥാര്‍ത്ഥ്യം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത ചൈനയിലെ വുഹാന്‍ നഗരത്തില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നുവെന്നും സള്‍ഫര്‍ ഡയോക്സൈഡ് വാതകത്തിന്റെ അളവ് ഉയരുന്നതാണ് ഇതിനു കാരണമെന്നും കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. വിന്‍ഡി.കോം എന്ന വെബ്സൈറ്റിലെ ഭൂപട ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകളും വാര്‍ത്തകളും.

ഈ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വാര്‍ത്തകളും പച്ചക്കള്ളമാണെന്ന് യുകെയിലെ സ്വതന്ത്ര വസ്തുതാ പരിശോധകരായ ഫുള്‍ഫാക്ട് വ്യക്തമാക്കി. പ്രചരിക്കുന്ന ഭൂപടങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളല്ല. അതില്‍ കാണിക്കുന്ന വിവരങ്ങള്‍ യഥാര്‍ഥമോ വിശകലനം ചെയ്തതോ ആയ വിവരങ്ങളല്ലെന്നും തത്സമയ സള്‍ഫര്‍ ഡയോക്സൈഡ് നിരക്കല്ലെന്നും ഫുള്‍ ഫാക്ട് ചൂണ്ടിക്കാണിക്കുന്നു.

സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവ് സംബന്ധിച്ച് മുന്‍കാലങ്ങളിലെ വിവരങ്ങളും കാലാവസ്ഥാ രീതികളും കണക്കിലെടുത്തുള്ള പ്രവചനം മാത്രമാണ് ഈ ചിത്രത്തിലുള്ളത്.

കോവിഡ്-19 കൊറോണ വൈറസ് ബാധ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലേയും ചോങ് ക്വിങിലേയും സള്‍ഫര്‍ ഡയോക്സൈഡ് നിരക്കുകളാണ് ഇവയെന്നും ഇത് മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ ഫലമായി ഉണ്ടായതാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അവകാശപ്പെട്ടു.

കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുന്ന വിന്‍ഡി.കോം എന്ന വെബ്സൈറ്റില്‍ നിന്നുള്ള ഭൂപട ചിത്രമാണ് പോസ്റ്റുകള്‍ക്കൊപ്പം തെളിവായി പ്രചരിച്ചത്. നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ് പോലെ വായുമലിനീകരണ വാതകങ്ങളുടെ നിരക്കുകള്‍ വിന്‍ഡി മാപ്പില്‍ കാണാനുള്ള സൗകര്യമുണ്ട്.

എന്നാല്‍ വുഹാനില്‍നിന്നു ഫെബ്രുവരി 8 ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ സള്‍ഫര്‍ ഡയോക്സൈഡിന്റെ നിരക്ക് കാണിക്കുന്ന വിന്‍ഡി മാപ്പ് സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നാസയുടെ ജിയോസ്-5 അറ്റ്മോസ്ഫെറിക് മോഡലിങ് സിസ്റ്റത്തില്‍ നിന്നുള്ള വിവരങ്ങളാണ് വിന്‍ഡി ഉപയോഗിക്കുന്നത്. അത് തത്സമയം ഉപഗ്രഹങ്ങളില്‍നിന്നും ശേഖരിക്കുന്ന വിവരമല്ല. മുന്‍കാലങ്ങളിലെ വാതക വികിരണ നിരക്കുകള്‍ വിശകലനം ചെയ്താണ് ഇത് ചെയ്യുന്നത്.

മാത്രവുമല്ല വായുമലിനീകരണ നിരക്ക് ഏറെയുള്ള രാജ്യമാണ് ചൈന. വുഹാനിന് സമാനമായി മലിനീകരണകാരിയായ വാതകങ്ങളുടെ നിരക്ക് കാണിക്കുന്ന ഇന്ത്യന്‍ നഗരങ്ങളും ഉണ്ട്. അതൊന്നും മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതുകൊണ്ട് വരുന്നതല്ല. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്ന ഫാക്ടറികള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതു കൊണ്ടു തന്നെ പ്രചരിക്കുന്നതില്‍ വസ്തുത ഇല്ലെന്ന് അര്‍ത്ഥം.