അഞ്ച് ദിവസത്തിനുള്ളില്‍ ഉക്രൈന്‍ വീഴുമെന്നാണ് റഷ്യ പറഞ്ഞത്; 50 ദിവസം ഞങ്ങള്‍ അതിജീവിച്ചുവെന്ന് സെലന്‍സ്‌കി

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് മുന്നില്‍ കീഴടങ്ങാതെ അമ്പത് ദിവസം തങ്ങള്‍ ചെറുത്തു നിന്നുവെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. പരമാവധി അഞ്ച് ദിവസം മാത്രമെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഉക്രൈന് കഴിയൂവെന്നാണ് റഷ്യ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അമ്പത് ദിവസത്തെ അതിജീവിച്ചു. ഇതില്‍ ഉക്രൈന് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ ഫ്‌ലീറ്റിന്റെ കൊടിക്കപ്പല്‍ ഉക്രൈന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. മിസൈല്‍ ക്രൂസര്‍ കപ്പലായ മോസക്വയാണ് ഉക്രൈന്‍ തകര്‍ത്തത്. 2 നെപ്റ്റിയൂണ്‍ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഉക്രൈനിന്റെ ആക്രണം. കപ്പലിന് തകരാറ് പറ്റിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മിസൈല്‍ ആക്രമണമാണ് ഇതിന് കാരണമെന്ന് റ്ഷ്യ സമ്മതിച്ചിട്ടില്ല.

കപ്പലില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവ പൊട്ടിത്തെറിച്ചതാണ് കപ്പല്‍ തകരാന്‍ കാരണമെന്നാണ് റഷ്യയുടെ വിശദീകരണം. ഈ ആക്രമണത്തിന് പിന്നാലെയാണ് സെലന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ തന്നെ പല ലോകനേതാക്കളും വിളിച്ചിരുന്നു. ഉക്രൈന് അതിജീവിക്കാന്‍ കഴിയുമെന്നാണ് അവര്‍ പറഞ്ഞത്. രാജ്യത്തെ ജനങ്ങളുടെ ധീരത മനസ്സിലാക്കാന്‍ റഷ്യയ്ക്ക് സാധിച്ചില്ലെന്നും സ്വാതന്ത്ര്യത്തിന് വലിയ വിലകല്‍പ്പിക്കുന്നവരാണ് ഉക്രൈന്‍ ജനതയെന്നും സെലന്‍സ്‌കി പറഞ്ഞു.

അതേ സമയം ഉക്രൈന് മേലുള്ള ആക്രമണം ശക്തമാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രണങ്ങളുടെ എണ്ണവും തീവ്രതയും വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.