മതനേതാക്കള്‍ വിഭജനമുണ്ടാക്കുന്ന പ്രസ്താവന നടത്തരുത്; എല്ലാവരെയും ചേര്‍ത്ത് പിടിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

മതനേതാക്കളുടെ വാക്കുകള്‍ വിഭജനമുണ്ടാക്കാന്‍ ഇടയാകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുന്നതിനിടെയാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. എല്ലാവരും സഹോദര്യ മനോഭാവം വെച്ചു പുലര്‍ത്തണമെന്നും മാര്‍പാപ്പ പറഞ്ഞു. എല്ലാവരെയും ചേര്‍ത്തു പിടിക്കുകയെന്നതാണ് ക്രൂശിതരൂപം നല്‍കുന്ന സന്ദേശമെന്നും വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത് എന്നും മാര്‍പാപ്പ പറഞ്ഞു.

സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടത്. അപരന്റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്റെ പേരിലാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണം. ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് നാം സമാധാനപക്ഷത്ത് നില്‍ക്കണം എന്നും മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിച്ചു.

മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശന വേളയിലാണ് പ്രസ്താവന. ത്രീവ്ര ദേശീയവാദിയും, കുടിയേറ്റ വിരുദ്ധനുമായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ നിലപാടിന് എതിരാണ് മാര്‍പാപ്പയുടെ പരാമര്‍ശം.