ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴം മനസിലാക്കാന്‍ തിരക്കുള്ള റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ച മദ്യപനായ ഭര്‍ത്താവിനെ വാന്‍ ഇടിച്ചു; റിയല്‍ ലൈഫ് ടിക്ക് ടോക്ക് അപകടം, വീഡിയോ

ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള മദ്യപനായ ഭര്‍ത്താവിന്റെ ശ്രമം അവസാനിച്ചത് വന്‍ അപകടത്തില്‍. ചൈനയിലാണ് സംഭവം. രാത്രിയില്‍ തിരക്കുള്ള റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ച് ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴം അളക്കുന്നതിനായി ശ്രമിച്ച മദ്യപിച്ച് ലക്കുകെട്ട ഭര്‍ത്താവിനെ അമിതവേഗത്തില്‍ വന്ന വാന്‍ തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്.

ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ലിഷ്യയിയിലാണ് അപകടമുണ്ടായത്. തെരുവിലെ ട്രാഫിക്ക് ക്യാമറയില്‍ നിന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പാന്‍ എന്ന പേരുടെ ഭര്‍ത്താവും ഷൗവെന്ന പേരുള്ള ഭാര്യയും തമ്മിലാണ് വഴക്കിട്ടത്.

പാന്‍ മദ്യലഹരിയിലായിരുന്നു. ഇതോടെ ഇയാള്‍ തിരക്കുള്ള റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ചു. ഇതു കണ്ട ഭാര്യ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴം അളക്കാനായിട്ടാണ് താന്‍ ഇത് ചെയ്തതെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. തന്നെ ഭാര്യ പിടിച്ചു മാറ്റുമോ എന്നായിരുന്നു പാനിന് അറിയേണ്ടത്. പക്ഷേ പിടിച്ചു മാറ്റിയ ഭാര്യയെ തള്ളി നീക്കി വീണ്ടും റോഡിലേക്ക് ഇറങ്ങിയ പാനിനെ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാനിന് നെഞ്ചിലും  പരിക്കേറ്റിട്ടുണ്ട്.

സമീപകാലത്ത് ടിക്ക് ടോക്കില്‍ കാണപ്പെട്ട ചില വീഡിയോകളുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.