യഥാർത്ഥ അയോദ്ധ്യ നേപ്പാളിൽ, ശ്രീരാമൻ ഇന്ത്യക്കാരനല്ല; നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

ശ്രീരാമൻ ഇന്ത്യക്കാരനല്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ പ്രസ്താവന വിവാദമാകുന്നു. യഥാർത്ഥ അയോദ്ധ്യ നേപ്പാളിലാണെന്നും ശ്രീരാമൻ ഇന്ത്യക്കാരനല്ലെന്നുമാണ് ഓലിയുടെ പ്രസ്താവന.

നേപ്പാൾ മാധ്യമങ്ങളെ ഉദ്ധരിച്ച്​ വാർത്താ​ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ മാസം ഇന്ത്യയിലെ അതിർത്തി മേഖലകൾ ചേർത്ത് നേപ്പാൾ ഭൂപടം തയ്യാറാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

കാലാപാനി, ലിംപിയാധുര, ലിപൂലേക് എന്നീ പ്രദേശങ്ങളെയാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയത്. നേപ്പാൾ പാർലമെന്റ് അംഗീകരിച്ച ഭരണഘടന ഭേദഗതിക്ക്​ രാഷ്​ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി അംഗീകാരവും നൽകിയിരുന്നു.

കഴിഞ്ഞയാഴ്ച ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നേപ്പാളിൽ നിരോധിച്ചിരുന്നു. രാജ്യത്തിൻെറ താത്പര്യങ്ങൾ ഹനിക്കുന്ന വാർത്തകൾ സംപ്രേഷണം ചെയ്യുന്നെന്ന്​ ആരോപിച്ചായിരുന്നു നിരോധനം. ‌