'സഖ്യ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ഉക്രൈനിലേക്ക് എത്തുന്നു', സെലന്‍സ്‌കി

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം മൂന്നാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ സഖ്യ രാജ്യങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കുന്നതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ ഉക്രൈനിലേക്ക് എത്തുന്നതായി സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചുവെന്നും, ആയുധങ്ങളും, ഉപകരണങ്ങളും ഉക്രൈനിലേക്കുള്ള വഴിയിലുമാണെന്നാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. യുദ്ധവിരുദ്ധ സഖ്യം പ്രവര്‍ത്തിക്കുന്നുവെന്ന് സെലന്‍സ്‌കി പറഞ്ഞു.

ഉക്രൈനിയന്‍ സൈന്യത്തോട് താന്‍ കീഴടങ്ങാന്‍ ഉത്തരവിട്ടു എന്നത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കി സെലന്‍സ്‌കി നേരത്തെ വീഡിയോ സന്ദേശം പങ്ക് വച്ചിരുന്നു. ആയുധം താഴെ വയ്ക്കില്ല. രാജ്യത്തിന് വേണ്ടി പോരാടും. താന്‍ എങ്ങോട്ടും മാറിയിട്ടില്ല. കീവില്‍ തന്നെയുണ്ട്. ഔദ്യോഗിക വസതിക്ക് മുമ്പില്‍ നിന്ന് തയ്യാറാക്കിയ വിഡിയോ സന്ദേശമാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ തന്നെ താനടക്കമുള്ള ഭരണത്തലവന്മാര്‍ ആരും തന്നെ കീവ് വിട്ടു പോയിട്ടില്ലെന്നും നഗരം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അറിയിച്ചിരുന്നു. റഷ്യയെ ശക്തമായി പ്രതിരോധിക്കും.

റഷ്യന്‍ സൈന്യം വളഞ്ഞതോടെ സെലന്‍സ്‌കിയെ കീവ് വിടാന്‍ അമേരിക്ക സഹായിക്കുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. യുദ്ധം ഇവിടെയാണ്. തനിക്ക് യുദ്ധോപകരണങ്ങളാണ് ആവശ്യം. രക്ഷപ്പെടാനുള്ള വഴിയല്ലെന്നാണ് സെലന്‍സ്‌കി പറഞ്ഞത്. അവസാന ഘട്ടം വരെ ഉക്രൈനില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.