'നിങ്ങൾക്കു വേണമെങ്കിൽ എന്റെ ജീവനെടുക്കാം, ആ കുഞ്ഞുങ്ങളെ വെറുതെ വിടൂ'; മ്യാന്‍മർ പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി നിന്ന് യാചിച്ച് കന്യാസ്ത്രീ

ട്ടാളം ഭരണം പിടിച്ചടക്കിയ മ്യാന്‍മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ. ജനാധിപത്യ പ്രക്ഷോഭകരെ നേരിട്ട പട്ടാളക്കാരുടെ മുന്നിലാണ് മെയ്റ്റ്കെയ്ന നഗരത്തിൽ കന്യാസ്ത്രീ പട്ടാളക്കാരോട് കേണപേക്ഷിച്ചത്. സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് കുട്ടികളുടെ ജീവന് പകരം എന്റെ ജീവനെടുത്തോളൂ എന്ന് പറഞ്ഞ സൈനികര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയത്. സിസ്റ്ററുടെ ചിത്രങ്ങള്‍ ലോകവ്യാപക ശ്രദ്ധ പിടിച്ചുപറ്റി. സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ആളുകള്‍ ചിത്രം പങ്കുവെച്ചു.

‘‘നിങ്ങൾക്കു വേണമെങ്കിൽ എന്റെ ജീവനെടുക്കാം. അവരെ വെറുതെ വിടൂ…അവരെ നമ്മുടെ കുടുംബാംഗങ്ങളെ പോലെ കാണൂ’’– ആന്‍ റോസ് നു തൗങ് പട്ടാളക്കരോട് അപേക്ഷിച്ചു.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി താന്‍ അവരുടെ മുന്നില്‍ മുട്ടുകുത്തിയെന്ന് സിസ്റ്റര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.  സൈനിക നടപടിയെ തുടര്‍ന്ന് കുട്ടികള്‍ ഭയന്ന് എന്റെ മുന്നിലൂടെ ഓടി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ രക്ഷക്കു വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. തൊട്ടുമുന്നില്‍ ഒരാള്‍ തലക്ക് വെടിയേറ്റ് മരിച്ചുവീണു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലോകം തകരുകയാണെന്ന് തോന്നിപ്പോയി- അവര്‍ പറഞ്ഞു.

മ്യാന്‍മര്‍ നഗരമായ മൈകീനയിലായിരുന്നു സംഭവം. പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെ നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടം. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സമരം ശക്തമായ മൈകീനയില്‍ സൈന്യം കടുത്ത നടപടി സ്വീകരിക്കുന്നതിനിടെയാണ് സിസ്റ്റര്‍ ആന്‍ റോസും മറ്റ് രണ്ട് കന്യാസ്ത്രീകളും സൈന്യത്തിന് മുന്നില്‍ അപേക്ഷയുമായി എത്തിയത്.

Read more

പ്രക്ഷോഭത്തിൽ ഇതുവരെ 60 പേരാണ് കൊല്ലപ്പെട്ടത്.1800 പേർ തടങ്കലിലാണ്. കഴി‍ഞ്ഞ ദിവസം പട്ടാളം കസ്റ്റഡിയിലെടുത്ത, നാഷനൽ ലീഗ് ഫോർ ഡമോക്രമസിയുടെ പ്രമുഖ നേതാവ് കൊല്ലപ്പെട്ടു. വാർത്തകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക ചാനലുകളുടെ ലൈസൻസ് റദ്ദാക്കി. അസോഷ്യേറ്റഡ് പ്രസിന്റെ ലേഖകൻ തെയ്ൻ സായെ തടങ്കലിലാക്കിയിരിക്കുകയാണ്.