സ്ഥാനം ഒഴിയാന്‍ പത്തുദിവസം മാത്രം ശേഷിക്കെ ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; തിങ്കളാഴ്ച പ്രമേയം

തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമങ്ങളിൽ പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി. സ്ഥാനമൊഴിയാന്‍ വെറും പത്തുദിവസം മാത്രം ശേഷിക്കെ ഈ നടപടി ട്രംപിന് വലിയ നാണക്കേടാകും. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്.

അധികാര ദുര്‍വിനിയോഗം ആരോപിച്ച് 2019-ല്‍ ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് അത് തള്ളുകയായിരുന്നു. ട്രംപ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡ‍ന്‍ പറഞ്ഞു. അതേസമയം, നടപടി രാഷ്ട്രീയപ്രേരിതവും രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

അതിനിടെ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ട്രംപിന്‍റെ സമീപകാല ട്വീറ്റുകള്‍ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന്​ ട്വിറ്റര്‍ വിശദീകരിച്ചു. നേരത്തെ കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ ട്രംപിനു ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read more

ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന്​ ട്രംപ്​ കഴിഞ്ഞ ദിവസം വ്യക്തമാക്കി.യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടൽ യു.എസിനെയാകെ ഞെട്ടിച്ചിരുന്നു. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്.