ഭീകരവാദം : പാകിസ്ഥാനെ നിലക്ക് നിർത്തുമെന്ന് അമേരിക്ക

അമേരിക്കൻ ധനസഹായം കിട്ടുന്നതിന് ഭീകര വാദത്തെ നേരിടുന്ന കാര്യത്തിൽ പാകിസ്ഥാൻ ഇരട്ടത്താപ്പ് നടത്തുന്നതായി വൈറ്റ് ഹൗസ് ആരോപിച്ചു. ഭീകര വാദത്തെ നേരിടുന്നതിനായി പാകിസ്ഥാൻ ശക്തമായ നടപടികൾ സ്വീകരിക്കണം. ഇനി യു. എസ് ധനസഹായം ലഭിക്കണമെങ്കിൽ ഭീകര വാദികളെ ശക്തമായി നേരിടുന്നതായി പാകിസ്ഥാൻ തെളിയിക്കേണ്ടതുണ്ട്, വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്‌സ് പറഞ്ഞു.ഇക്കാര്യത്തിൽ പാകിസ്ഥാനെ നിലക്ക് നിർത്തുന്നതിനു വൈറ്റഹൗസിനു അറിയാമെന്ന് മുന്നറിയിപ്പും അവർ നൽകി.

ഇക്കാര്യത്തിൽ നടപടി എടുക്കുന്നതിനു പാകിസ്ഥാനെ നിര്ബന്ധിക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ ട്രംപ് ഭരണകൂടം കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു. പാക്കിസ്ഥാനുള്ള 255 ദശലക്ഷം ഡോളറിന്റെ ധനസഹായം രണ്ടു ദിവസം മുൻപ് അമേരിക്ക പിൻവലിച്ചിരുന്നു. ഇതോടെ വർഷങ്ങളായി ശക്തമായി നിലനിന്നിരുന്ന യു എസ് – പാക് ബന്ധം വഷളായിരുന്നു.

പാകിസ്ഥാൻ ഡബിൾ ഗെയിം കളിച്ചതിനു വ്യക്തമായ തെളിവുണ്ടെന്ന് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. “ഞങ്ങളോടൊപ്പം നിൽക്കുന്നതായി ഭാവിച്ചു അവർ അഫ്ഗാനിസ്ഥാനിൽ പോരാട്ടം നടത്തിയ യു. എസ് സൈനികരെ ആക്രമിച്ച ഭീകരവാദികളെ സഹായിച്ചു. ഇതിനു വ്യക്തമായ തെളിവുകൾ അമേരിക്കയുടെ പക്കലുണ്ട്, നിക്കി ഹാലി വ്യക്തമാക്കി. താലിബാന്റെ സീനിയർ കമാണ്ടർമാർ താമസിക്കുന്നത് പാകിസ്ഥാനിലാണ്. 2011ൽ ഒസാമ ബിൻ ലാദനെയും 2016ൽ താലിബാൻ തലവൻ മുല്ല മൻസൂറിനേയും അമേരിക്ക വധിച്ചത് പാകിസ്ഥാന്റെ മണ്ണിലാണ്. 15 വർഷത്തിനിടെ 3300 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക പാകിസ്ഥാന് നൽകിയത്.