സംഝോത എക്സ്പ്രസ് സര്‍വീസ് പാകിസ്ഥാന്‍ അവസാനിപ്പിച്ചു; ഇന്ത്യന്‍ സിനിമകള്‍ക്കും നിരോധനം

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. സംഝോത എക്സ്പ്രസ് സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുകയാണെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് അറിയിച്ചു.

കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനുള്ള പ്രതിഷേധത്തില്‍ സംഝോത എക്സ്പ്രസ് സര്‍വീസ് നിര്‍ത്തി വെയ്ക്കുകയാണെന്ന് പാക് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് സംഝോതയുടെ സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയത്.

ആഴ്ചയില്‍ രണ്ടുതവണയായിരുന്നു സംഝോത എക്സ്പ്രസ്. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് ലാഹോര്‍ ഡി.എസ് ഓഫീസില്‍ നിന്നും പണം തിരികെ ലഭിക്കുമെന്നും റാഷിദ് അഹമ്മദ് വ്യക്തമാക്കി.

അതിനിടെ, ഇന്ത്യന്‍ സിനിമകള്‍ക്കും പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മോദി സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തി വെയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നു. ഇംറാന്‍ ഖാന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാനും വ്യാപാരം നിര്‍ത്തി വെയ്ക്കാനുമുള്ള തീരുമാനം എടുത്തത്. ഇന്ത്യന്‍ നിയുക്ത ഹൈക്കമ്മീഷണറെയും പാകിസ്ഥാന്‍ പുറത്താക്കി. ഇന്ത്യയില്‍ ഹൈക്കമ്മീഷണര്‍ വേണ്ടെന്നും പാകിസ്ഥാന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

.

.