പാകിസ്ഥാൻ കരസേനാ മേധാവിയുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകി ഉന്നത കോടതി

കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി പാകിസ്ഥാൻ സുപ്രീം കോടതി  ആറുമാസത്തേക്ക് നിബന്ധനകളോടെ  നീട്ടിനൽകി.

ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖാൻ ഖോസയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ മജാർ ആലം ഖാൻ മിയാൻഖേൽ, മൻസൂർ അലി ഷാ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഹ്രസ്വ ഉത്തരവിൽ ആറ് മാസത്തിനുള്ളിൽ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

ബജ്‌വയുടെ മൂന്നുവർഷത്തെ കാലാവധി വ്യാഴാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. അദ്ദേഹത്തിന് ഇപ്പോൾ ആറുമാസം കൂടി കരസേനാ മേധാവിയായി തുടരാം.

പ്രാദേശിക സുരക്ഷാ ചുറ്റുപാടുകൾ കാരണമായി കാണിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഓഗസ്റ്റ് 19- ലെ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ജനറൽ ബജ്‌വയ്ക്ക് മൂന്ന് വർഷത്തെ കാലാവധി നീട്ടി നൽകിയിരുന്നു.

കേസിലെ സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് ശേഷം ഓഗസ്റ്റ് 19- ലെ ഉത്തരവുകൾ സർക്കാർ പിൻവലിക്കുകയും പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ബുധനാഴ്ച കോടതി ഇത് നിരസിച്ചു.

സുപ്രീം കോടതിയുടെ അഭൂതപൂർവമായ നടപടി സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയത്. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ഇമ്രാൻ ഖാൻ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ജനറൽ ബജ്‌വയും യോഗങ്ങളിൽ പങ്കെടുത്തു.

ചൊവ്വാഴ്ച നിയമമന്ത്രി സ്ഥാനം രാജിവച്ച ഫറോഗ് നസീം, കേസ് തുടരുന്നതിനായി കോടതിയിൽ ജനറൽ ബജ്‌വയെ പ്രതിനിധീകരിച്ചു.