ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാനൊരുങ്ങി പാകിസ്ഥാന്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍. റംസാന്‍ വ്രതത്തിന്റെ അവസാന ദിനങ്ങള്‍ എത്തിയത് പരിഗണിച്ചാണ് തീരുമാനം.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് വേണം വിശ്വാസികള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 47,394 പേര്‍ക്കാണ് പാകിസ്ഥാനില്‍ ഇതുവരെ കോവിഡ് രോഗബാധയുണ്ടായത്. പഞ്ചാബ് പ്രവശ്യയില്‍ മാത്രം 16,685 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.

32 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 1,000 കടന്നു. 1,017 പേരാണ് ഇതുവരെ പാകിസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. പല നിയന്ത്രണങ്ങളും പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടര്‍മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും വിമര്‍ശിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനം തകരുകയും വൈറസ് വ്യാപിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.