ചൈനയില്‍ അടച്ചിട്ടിരുന്ന ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ ചൈനയിലെ വ്യവസായ ശാലകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ചൈനയിലെ പ്രമുഖ ഫാക്ടറികളില്‍ 98 ശതമാനവും പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും 90 ശതമാനത്തോളം തൊഴിലാളികള്‍ ജോലിക്ക് എത്തിത്തുടങ്ങിയതായും ചൈനീസ് വാര്‍ത്താ ഏജന്‍സായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

20 ലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കുന്ന കമ്പനികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി. രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ 95 ശതമാനം കമ്പനികളും പ്രവര്‍ത്തനം തുടങ്ങി.

മരുന്നുനിര്‍മാണ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍ ആന്റിബയോട്ടിക്കുകള്‍, ആന്റി പൈററ്റിക്, ആന്റി അനാള്‍ജസിക് തുടങ്ങിയവയുടെ നിര്‍മാണമാണ് ത്വരിതഗതിയിലായത്.

ഇതിനൊപ്പം ചൈനയിലെ ചെറുകിട, ഇടത്തരം വ്യവസായ ശാലകളില്‍ 75 ശതമാനവും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

അതേസമയം തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം ചൈനയില്‍ 82,149 പേര്‍ക്കാണ് കൊറോണ രോഗബാധയുണ്ടായത്. ഇതില്‍ 3,308 പേര്‍ മരിച്ചു. ചൈനയില്‍ നിന്ന് ലോകമെങ്ങും വ്യാപിച്ച വൈറസ് ബാധയേ തുടര്‍ന്ന് ലോകമെങ്ങും 33,626 പേരാണ് മരിച്ചത്. 142,502 രോഗബാധിതരാണ് അമേരിക്കയില്‍ മാത്രമുള്ളത്.

ചൈന സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരവെ മറ്റ് ലോകരാജ്യങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും അടച്ചുപൂട്ടി രോഗത്തെ ചെറുത്തുകൊണ്ടിരിക്കുകയാണ്.