അതിശൈത്യത്തില്‍ നയാഗ്ര വെള്ളച്ചാട്ടം പോലും നിശ്ചലമായി, തണുത്ത് ഉറഞ്ഞ് അമേരിക്ക

അമേരിക്കയില്‍ അതിശൈത്യമായതോടെ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര വീണ്ടും തണുത്തുറഞ്ഞു. മൈനസ് 37 ഡിഗ്രിയാണ് മൗണ്ട് വാഷിംഗ്ടണില്‍ രേഖപ്പെടുത്തിയ താപനില. കൊടിയ ശൈത്യം പ്രകൃതിയേയും ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

1933 ല്‍ മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് അമേരിക്കയുടെ ചരിത്രത്തിലെ അതിശൈത്യം. 2004 ലിലും സമാനമായ അവസ്ഥയിലൂടെ നയാഗ്ര കടന്നുപോയിട്ടുണ്ട്. എന്നാല്‍ ആ കഥകളെല്ലാം ഇപ്പോള്‍ പഴങ്കഥകളാവുകയാണ്. മത്സ്യങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തണുപ്പാണ് അറ്റ്‌ലാന്റികില്‍ ഉള്ളതെന്ന് അറ്റ്‌ലാന്‍ഡിക് വൈറ്റ് ഷാര്‍ക് കണ്‍സെര്‍വന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിക് പ്രദേശങ്ങളിലെ കാലവസ്ഥയ്ക്ക് സമാനമാണ് നയാഗ്രയുടെ പരിസരപ്രദേശങ്ങളിലെ കാലാവസ്ഥ. പലയിടങ്ങളിലും താപനില മൈനസ് 10 ഡിഗ്രിയ്ക്ക് താഴെയാണ്. ആര്‍ട്ടിക്കില്‍ നിന്നും ശക്തമായ കാറ്റ് ഇവിടെക്ക് വീശുന്നതിനാലാണ് തണുപ്പ് ക്രമാതീതമായ വര്‍ധിച്ചത്. അതിശൈത്യമായതിനാല്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ തണുത്തുറഞ്ഞ നയാഗ്രയെ കാണാനും ചിത്രങ്ങളെടുക്കാനും സഞ്ചാരികള്‍ അധികമായി ഇവിടേക്ക് എത്തുന്നുണ്ട്. സഞ്ചാരികള്‍ കൂടുതലായി എത്തുന്നതിനാല്‍ അപകടങ്ങളും വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.