ന്യൂസിലാൻഡിൽ തോക്കുകളുടെ വില്പന നിരോധിച്ചു

മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പന സർക്കാർ നിരോധിച്ചു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന അടിയന്തരമായി നിരോധിച്ചു കൊണ്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ഉത്തരവിട്ടു.

തോക്കുകളുടെ വില്‍പന നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് വന്‍തോതില്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നിരോധനം നിലവില്‍ വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായി വരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത ആര്‍ഡേണ്‍ വ്യക്തമാക്കി. തോക്കുകളുടെ വില്‍പന നിരോധിച്ചതു കൂടാതെ, നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്‍കി വാങ്ങും. തോക്കുകള്‍ കൈവശം വെയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കി നല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടി വരും.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.