പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാതെ പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു; ‘ബേബി ഇന്ത്യ’ എന്നു പേരിട്ട് അമ്മയെ കണ്ടെത്താന്‍ യു.എസ് പൊലീസ്

അമേരിക്കയിലെ ജോര്‍ജിയയില്‍ വഴിയരികില്‍ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ജൂണ്‍ ആറിനാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് ‘ബേബി ഇന്ത്യ’യെന്നു പേരിട്ട് അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടിയെ വീണ്ടെടുക്കുന്ന വീഡിയോയും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

വഴിയരികിലെ കുറ്റിക്കാട്ടില്‍ നിന്നു കുഞ്ഞിന്റെ കരച്ചില്‍ ഒരാള്‍ കേട്ടിരുന്നു. ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ കുരുന്നിനെ കണ്ടെത്തിയത്. കുഞ്ഞിന് ഇന്ത്യയെന്നു പേരിട്ടെന്നും അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ ഭാഗമായാണു വീഡിയോ പുറത്തുവിട്ടത്.

പ്ലാസ്റ്റിക്ക് കൂട് പൊട്ടിച്ചു കുഞ്ഞിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നില്ല. കുട്ടിയുടെ പൊക്കിള്‍ക്കൊടി ഉടന്‍ തന്നെ മുറിച്ചു മാറ്റി തുണിയില്‍ പൊതിഞ്ഞു. തുടര്‍ന്നു കുഞ്ഞിനെ മെഡിക്കല്‍ സംഘത്തിനു കൈമാറി. കുഞ്ഞ് ഇപ്പോള്‍ അധികൃതരുടെ കയ്യില്‍ സുരക്ഷിതയാണ്.

കുഞ്ഞിന്റൈ അമ്മയെ കണ്ടെത്താനായി ബേബിഇന്ത്യ എന്ന ഹാഷ് ടാഗില്‍ നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തത്. കുഞ്ഞിനെ ദത്തെടുക്കാനും നിരവധി പേരാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.