മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സിന്‍ ഇനി വിശ്വസുന്ദരി

മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സിന്‍ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയറ്ററില്‍ നടന്ന മത്സരത്തില്‍ ലോകമെമ്പാടുമുള്ള 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെ കിരീടമണിഞ്ഞത്. മിസ് കൊളംബിയ ലോറ ഗോണ്‍സാലസ്, മിസ് ജമൈക്ക ഡാലിന ബെനറ്റ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സൗന്ദര്യത്തോടൊപ്പം ബുദ്ധിയും മത്സരയിനമാകുന്ന വിശ്വ സൗന്ദര്യ വേദിയില്‍ നെല്‍പീറ്റേഴ്‌സിന്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തൊഴില്‍ മേഖലയിലെ ലിംഗ അസമത്വത്തെ കുറിച്ചുള്ള വിധികര്‍ത്താക്കളുടെ ചോദ്യത്തിന് സാമ്പത്തിക ചൂഷണത്തെക്കുറിച്ചുള്ള വ്യക്തമായ മറുപടിയാണ് നല്‍കിയത്. മിക്ക തൊഴിലിടങ്ങളിലും പുരുഷന് ലഭിക്കുന്ന വേതനത്തിന്റെ 75% മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. തുല്യ ജോലിയ്ക്ക് ലഭിക്കുന്ന വ്യത്യസ്ത വേതനം അസമത്വമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഡെമി ലെ പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സ്വരക്ഷയ്ക്കായി സ്ത്രീകളെ കൂടുതല്‍ പ്രാപ്തരാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

22 വയസുകാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദധാരിയാണ. 2015 ലെ വിശ്വസുന്ദരിയായിരുന്ന സ്റ്റീവ് ഹാര്‍വിയായിരുന്നു മത്സരത്തിന്റെ അവതാരക. കംബോഡിയ, ലാവോസ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ആദ്യമായി പങ്കെടുത്ത മത്സരം എന്ന പ്രത്യേകത കൂടി ഇത്തവണ വിശ്വ സൗന്ദര്യ മത്സരത്തിനുണ്ടായിരുന്നു.