പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് അറസ്റ്റിൽ

നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസിനെ പാകിസ്ഥാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ‌.എ.ബി) വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. അച്ഛൻ നവാസ് ഷെരീഫിനെ കോട്ട് ലഖ്പത് ജയിലിൽ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് പാകിസ്ഥാൻ മുസ്ലിം ലീഗ്-എൻ (പി‌എം‌എൽ-എൻ) വൈസ് പ്രസിഡന്റ് മറിയം നവാസ് പിടിയിലായത്.

ചൗധരി ഷുഗർ മിൽ‌സ് കേസുമായി ബന്ധപ്പെട്ടാണ് മറിയം, അടുത്ത ബന്ധു യൂസഫ് അബ്ബാസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് എൻ‌.എ.ബി പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞു. മറിയത്തെ ഇപ്പോൾ എൻ‌.എ.ബി ആസ്ഥാനത്തേക്ക് കൊണ്ടു പോയിരിക്കുകയാണ്‌.

എൻ‌.എ.ബി ചെയർമാന്റെ നിർദേശപ്രകാരം രണ്ട് തടവുകാരെയും ഡോക്ടർമാരുടെ സംഘം വൈദ്യപരിശോധനക്ക് വിധേയമാക്കും. മറിയത്തെയും അബ്ബാസിനേയും റിമാൻഡിൽ വിട്ടു കിട്ടാൻ നാളെ ലാഹോറിലെ അക്കൗണ്ടബിലിറ്റി കോടതിയിൽ ഹാജരാക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ചൗധരി ഷുഗർ മിൽ‌സ് കേസിൽ മറിയം ഇന്ന് എൻ‌.എ.ബിക്ക് മുന്നിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ ബ്യൂറോയ്ക്ക് മുന്നിൽ ഹാജരാകാതെ പകരം ജയിലിൽ നവാസ് ഷെരീഫിനെ കാണാൻ പോവുകയായിരുന്നു. ബ്യൂറോയുടെ മുമ്പാകെ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് മറിയത്തെ കസ്റ്റഡിയിലെടുത്തതെന്ന് പി.എം.എൽ-എൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ചൗധരി ഷുഗർ മിൽസ് കേസിൽ മറിയം ജൂലൈ 31- ന് എൻ.എ.ബി യുടെ മുമ്പാകെ ഹാജരായിരുന്നു. ചൗധരി ഷുഗർ മില്ലുകളുടെ (സി‌.എസ്‌.എം) ‘സംശയാസ്പദമായ’ കച്ചവട ഇടപാടുകളെ കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായിരുന്നു സ്ഥാപനത്തിന്റെ പ്രധാന ഓഹരി ഉടമകളിൽ ഒരാളായ മറിയം ഹാജരായത്.

ചൗധരി ഷുഗർ മിൽ‌സ് ലിമിറ്റഡിൽ കോടിക്കണക്കിന് രൂപയുടെ സംശയാസ്‌പദമായ ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം നടന്നതായി 2018 ജനുവരിയിൽ പി‌എം‌എൽ-എൻ സർക്കാരിന്റെ ധനകാര്യ നിരീക്ഷണ യൂണിറ്റ് എൻ‌.എ.ബിക്ക് റിപ്പോർട്ട് ചെയ്തിരുന്നു.