ഭർത്താവിനെ സ്രാവ് തിന്നു; ശരീരഭാഗങ്ങൾ ഭാര്യ തിരിച്ചറിഞ്ഞത് വിവാഹമോതിരത്തിലൂടെ

ഭാര്യയുടെ നാൽപതാം ജന്മദിനം ആഘോഷിക്കുന്നതിനായി നടത്തിയ ആഡംബര യാത്രയ്ക്കിടെ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സ്രാവ് ഭക്ഷിച്ചതായി റിപ്പോർട്ടുകൾ. സുരക്ഷിതമെന്ന് പറയപ്പെട്ട ഒരു തടാകത്തിൽ വെള്ളിയാഴ്ച നീന്തുന്നതിനിടെയാണ് സംഭവം.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് അധീന റീയൂണിയൻ ദ്വീപിൽ നിന്ന് വെള്ളത്തിൽ സ്നോർക്കെല്ലിംഗ് (വെള്ളത്തിനടിയിൽ ശ്വസിക്കാൻ സഹായിക്കുന്ന ഒരു തരം നീണ്ട കുഴല്‍ ഉപയോഗിച്ചുള്ള നീന്തൽ) നടത്തുകയായിരുന്നു എഡിൻബർഗിൽ നിന്നുള്ള സിവിൽ സർവന്റ് റിച്ചാർഡ് മാർട്ടിൻ ടർണർ. പിന്നീട് ഇവിടുന്നു നാല് സ്രാവുകളെ പിടികൂടിയതായി സ്കോട്ടിഷ് മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

റിച്ചാർഡ് മാർട്ടിൻ ടർണറുടെ കൈയും കൈത്തണ്ടയും 13 അടി നീളമുള്ള കടുവ സ്രാവിന്റെ വയറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് 44 കാരന്റെ മരണം ജുഡിഷ്യൽ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. വിവാഹ മോതിരത്തിലൂടെ ഭാര്യ ഇദ്ദേഹത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിയുകയായിരുന്നു.

അതേസമയം, കടുവ സ്രാവിനുള്ളിൽ നിന്ന് കണ്ടെത്തിയ മറ്റ് അവശിഷ്ടങ്ങളും ടർണറിന്റെ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തി. മറ്റ് മൂന്ന് സ്രാവുകളുടെയും വയറുകൾ പരിശോധിക്കുമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

നവംബർ 2- ന് റീയൂണിയൻ തീരത്ത് ഹെർമിറ്റേജ് ലഗൂണിൽ സ്നോർക്കെല്ലിംഗ് നടത്തുമ്പോഴാണ് ടർണർ അപ്രത്യക്ഷനായത്‌.

കാണാതായ സ്ഥലത്തിനടുത്ത് നാല് സ്രാവുകളെ പിടിച്ചിട്ടും ലഗൂൺ നീന്തലുകാർക്ക് സുരക്ഷിതമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.