പഴയ ബാറ്ററി മാറ്റി പുതിയത് ഇട്ടു ; ഐഫോണ്‍ പൊട്ടിത്തെറിച്ചത് യുവാവിന്‍റെ മുഖത്തോട് ചേര്‍ന്ന്

ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. പഴയത് മാറ്റി പുതിയത് ഇടുന്നതിനിടെ ബാറ്ററി കടിച്ച് പരിശോധിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. തായ്‌വാനില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പൊട്ടിത്തെറിയില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആപ്പിള്‍ സ്റ്റോറില്‍ പുതിയ ബാറ്ററി വാങ്ങാനെത്തിയ ആളാണ് തന്റെ പഴയ ബാറ്ററി മാറ്റിയത്. എന്നാല്‍ ബാറ്ററി മാറ്റി പുതിയത് ഇടുന്നതിന് തൊട്ടുമുന്‍പ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കടിച്ച് പരിശോധിച്ച് പുറത്തെടുക്കവെയായിരുന്നു പൊട്ടിത്തെറി.കടയില്‍ നിന്നുള്ള സിസിടിവി ക്യാമറയില്‍ ബാറ്ററി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.സംഭവം നടന്ന കടയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല.

ആപ്പിള്‍ ഐഫോണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത് പതിവായിരിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കഴിഞ്ഞ ആഴ്ച സൂറിച്ചിലെ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലായ ഐഫോണ്‍ 8 പ്ലസിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ബാറ്ററി ചൂടായി വീര്‍ത്ത് ഫോണ്‍ പിളരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായ്വാനില്‍ നിന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. ചാര്‍ജ് ചെയ്യാന്‍ വെച്ചപ്പോള്‍ ബാറ്ററി ചൂടായി വീര്‍ത്ത് ഫോണ്‍ രണ്ടായി പിളര്‍ന്നുവെന്ന് ഒരു സ്ത്രീയാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചൈന, കാനഡ, ഗ്രീസ് എന്നിവിടങ്ങളിലടക്കം ആറോളം സമാനമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.