മൃഗശാലയില്‍ നിന്നും ലെമൂറിനെ മോഷ്ടിച്ച പത്തൊമ്പതുകാരന് കിട്ടിയത് എട്ടിന്റെ പണി; കസ്ബര്‍ ചെയ്തത് 60 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റം

മൃഗശാലയില്‍ നിന്ന് കുട്ടിക്കുരങ്ങിനെ മോഷ്ടിച്ചതിന് അമേരിക്കക്കാരന് കിട്ടിയ ശിക്ഷ കേട്ടാല്‍ ആരും ഒന്നമ്പരക്കും. കാലിഫോര്‍ണിയക്കാരനായ അക്വിനാസ് കസ്ബര്‍ എന്ന പത്തൊമ്പതു വയസുകാരനാണ് അമേരിക്കന്‍ ഭരണകൂടം കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്. കസ്ബറിന് അമേരിക്കന്‍ നിയമം അനുശാസിച്ച് ഒരു വര്‍ഷം വരെ തടവും അറുപതുലക്ഷം രൂപ വരെ പിഴയും കിട്ടിയേക്കാം.

കസബൂറിന് വലിയ ആഗ്രഹമായിരുന്നു ഒരു ലെമൂറിനെ വീട്ടില്‍ വളര്‍ത്തണമെന്ന്. അങ്ങിനെയിരിക്കെ ഒരു ദിവസം വീട്ടിനടുത്തുള്ള സാന്റാ അനാ മൃഗശാലയില്‍ ചെന്നപ്പോള്‍ അവിടെ ഒരു വലിയ ഇരുമ്പുവേലിയ്ക്കുള്ളില്‍ പാര്‍പ്പിച്ചിരുന്ന ഒരു റിങ്ങ് ടെയില്‍ഡ് ലെമൂറിനോട് കസ്ബറിന് വല്ലാത്ത ഇഷ്ടം തോന്നി. പക്ഷേ, ഐസാക് എന്ന ഒരു തരം കാട്ടു കുട്ടിക്കുരങ്ങുകളായ ലെമൂര്‍ അത്ര നിസ്സാരക്കാരനായിരുന്നില്ല. മുപ്പത്തിരണ്ട് വയസ്സുള്ള ഐസാക് അമേരിക്കയില്‍ മൃഗശാലകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ലെമൂറുകളില്‍ ഏറ്റവും പ്രായം ചെന്നതായിരുന്നു.

എന്നാല്‍, ഇതൊന്നും അറിയാതെ കസ്ബര്‍ രാത്രി മൃഗശാലയൊക്കെ അടച്ച് എല്ലാവരും പോയപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ മാത്രമായപ്പോള്‍ അവിടേക്ക് തിരിച്ചു ചെന്നു. ആരുമറിയാതെ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിച്ചു. ലെമൂറിനെ പാര്‍പ്പിച്ചിരുന്ന ഇരുമ്പ് വേലി ഒരു ബോള്‍ട്ട് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി. ലെമൂറിനെ മോഷ്ടിച്ച് കൊണ്ടുപോയി. അടുത്ത ദിവസമായപ്പോഴേക്കും അവന് കാര്യത്തിന്റെ ഗൗരവം മനസിലാകുകയും ചെയ്തു. അങ്ങിനെ മൃഗശാലയ്ക്കടുത്തുള്ള ഹോട്ടലിനു മുന്നില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പിനോടൊപ്പം കുട്ടിക്കുരങ്ങനെ ഉപേക്ഷിച്ചു.

“ഇത് സാന്താ അനാമൃഗശാലയിലേതാണ്, ഇന്നലെ രാത്രി എടുത്തതാണ്, ഇതിനെ പോലീസിനെ തിരിച്ചേല്‍പ്പിക്കുമല്ലോ.. “എന്നായിരുന്നു ആ കുറിപ്പില്‍ അവന്‍ എഴുതിയത്. അതിനു ശേഷം തന്റെ വക്കീലന്മാര്‍ വഴി ഒരു കുറ്റസമ്മതവും അവന്‍ നടത്തുകയുണ്ടായി. പിന്നീട് ലെമൂറ് തിരിച്ചെത്തിയെന്നും സുഖമായിരിക്കുന്നെന്നും മൃഗശാല അധികൃതരും പറഞ്ഞു.

സംഭവത്തെ തത്കാലം അധികൃതര്‍ ഒരു കുസൃതിയായേ കണ്ടിട്ടുള്ളു. എന്നാല്‍, നിയമത്തിനു മുമ്പില്‍ കസ്ബര്‍ ചെയ്ത കുറ്റം അത്ര ചെറുതല്ല. അതിക്രമിച്ചു കയറിയതിനും, മോഷ്ടിച്ചതിനും, വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ തട്ടിക്കൊണ്ടു പോയതിനും കസ്ബറിന് കിട്ടുന്ന ശിക്ഷ ഒരു വര്‍ഷം വരെ തടവും 60 ലക്ഷം രൂപ പിഴയുമാകാം.

Read more

മഡഗാസ്‌കറിലെ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരിനം കാട്ടു കുട്ടിക്കുരങ്ങാണ് ലെമൂര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന 25 ഇനം മൃഗങ്ങളില്‍ ഒരെണ്ണമാണ് ലെമൂറും. നിയമവിരുദ്ധമായ പെറ്റ് ട്രേഡിങ്ങിനായി വേട്ടയാടപ്പെടുന്നതാണ് ഇവയുടെ വംശനാശത്തിന് പ്രധാന കാരണം.