ഇന്ത്യയുടെ ചാരനാണെന്ന് സമ്മതിച്ചാല്‍ കുല്‍ഭൂഷണെ വിടാമെന്ന് പാകിസ്ഥാന്‍

മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ ജാദവ് ഇന്ത്യന്‍ ചാരനാണെന്ന് സമ്മതിച്ചാല്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് വിടാമെന്നാണ് പാകിസ്ഥാന്റെ നിലപാടെന്ന് പാക് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് രാജ്യങ്ങളുടെ ഇടപെടലുകളുടെ സഹായത്തില്‍ ഇന്ത്യയെ കൊണ്ട് ഇക്കാര്യം സമ്മതിപ്പിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് പ്രവീണ്‍ സ്വാമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വധശിക്ഷ കാത്തു കഴിയുകയാണെങ്കിലും റാവല്‍പിണ്ടിയില്‍ ഐ.എസ്.ഐയുടെ കേന്ദ്രത്തിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജാദവിനെ വിട്ടയക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയുമായി നിലച്ചു പോയ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് പാകിസ്ഥാന്‍ കരുതുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇന്ത്യയുമായി ഒരു സംഘര്‍ഷത്തിന് അനുകൂലമായ അവസ്ഥയല്ല, പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെന്ന കാര്യം സൈന്യം തന്നെ മനസ്സിലാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ 2017 ല്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ച ഘട്ടത്തില്‍ പാകിസ്ഥാന്‍ ജാദവിനെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് സമ്മതിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ഒക്ടോബര്‍ 30നു നല്‍കിയ കത്തില്‍ പാകിസ്ഥാന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി വിചാരണ ചെയ്യാന്‍ സമ്മതിച്ചാല്‍ അദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തില്‍ തുറന്ന മനസ്സാണെന്നായിരുന്നു പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചത്. പാകിസ്ഥാനെതിരായ ഭീകരാക്രമണ പദ്ധതിയുമായാണ് ജാദവ് എത്തിയതെന്ന് സമ്മതിക്കുകയും അദ്ദേഹത്തെ ഇന്ത്യയില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കുകയും വേണമെന്നാണ് ഇതുവഴി പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാകിസ്ഥാന്റെ ഈ നിര്‍ദ്ദേശം ഇന്ത്യ തള്ളുകയായിരുന്നു.

ജാദവിനെതിരെ പാകിസ്ഥാന്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നാവികസേന മുന്‍ മേധാവി സുരേഷ് മേഹ്ത്ത, റോ മുന്‍ മേധാവി അലോക് ജോഷി തുടങ്ങി 15 പേരെയും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവ് എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് കരുതുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

പാകിസ്ഥാന്‍ വാഗ്ദാനം മുന്നോട്ടു വെച്ചാലും അതിനോട് കരുതലോടെ മാത്രമെ ഇന്ത്യ പ്രതികരിക്കുവെന്നാണ് സൂചന. ജാദവിനെ കുറ്റക്കാരനായി വിശേഷിപ്പിച്ചാല്‍ ബലുചിസ്ഥാനിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം സമ്മതിക്കുന്നതിന് തുല്യമാകുമെന്നാണ് ഇന്ത്യ കരുതുന്നത്.

ജാദവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പാകിസ്ഥാനോട് വെളിപ്പെടുത്താന്‍ ഇന്ത്യ തയ്യറായിട്ടില്ല. അദ്ദേഹവുമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടാന്‍ അനുവദിക്കുന്നതു വരെ അത്തരം വിശദാംശങ്ങള്‍ കൈമാറേണ്ടതില്ലെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. നാവികസേനയില്‍ നിന്ന് എന്നാണ് വിരമിച്ചതെന്നടക്കമുള്ള കാര്യങ്ങളാണ് കേസിന്റെ ഭാഗമായി പാകിസ്ഥാന്‍ നേരത്തെ ആവശ്യപ്പെട്ടത്.

ജാദവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നേരത്തെ വാഗ്ദാനം മുന്നോട്ട് വെച്ചത് ഐഎസ്ഐ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് ഹബീബ് സഹീറിനെ കാണാതായതിന് ശേഷമായിരുന്നു. നേപ്പാളിലെ ലുംബിനിയില്‍ വെച്ചാണ് ഇയാളെ കാണാതായത്. ഐഎസ്ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തെ ഇന്ത്യ തട്ടികൊണ്ടുപോയി എന്നാണ് പാകിസ്ഥാന്‍ കരുതുന്നത്.

2014- ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. അജിത് ഡോവല്‍ ബാങ്കോക്കില്‍ വെച്ച് പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജനുജയുമായി ചര്‍ച്ച നടത്തുകയും ഇതേ തുടര്‍ന്ന് നരേന്ദ്ര മോദി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഭീകരതയ്ക്കെതിരെ ശക്തമായ നടപടികള്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാവാത്തതാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകാതിരിക്കാന്‍ തടസ്സമായത്. രണ്ടാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചത് പാകിസ്ഥാന്‍ ഇന്ത്യയുമായി സൗഹൃദത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയായി വേണം കാണാന്‍.