ആമസോണ്‍ കാടുകളില്‍ തീ അണയ്ക്കാന്‍ ‘സൂപ്പര്‍ ടാങ്ക്’ വിമാനങ്ങള്‍

Advertisement

കത്തി നശിക്കുന്ന ആമസോണ്‍ കാടുകളെ രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കുകളെത്തി. വെള്ളിയാഴ്ച മുതലാണ് യുഎസിന്റെ സൂപ്പര്‍ ടാങ്കറുകള്‍ ബൊളീവിയ ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്. 76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സിന്റെ ആവശ്യമനുസരിച്ചാണ് എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിക്കുന്നത്. അതേ സമയം ഫ്രാന്‍സ്, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങളാണ് ആമസോണിനായി തെരുവിലിറങ്ങിയത്. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു തന്നെ നില്‍ക്കുകയാണ് ബ്രസീല്‍. പ്രശ്‌നത്തില്‍ വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനരൊ വ്യക്തമാക്കി.

വെന്തുകരിഞ്ഞ ജീവികളും, അഗ്‌നി വിഴുങ്ങിയ പച്ചപ്പും, കാടിന്റെ ഇരുണ്ട മുഖവും അടങ്ങിയ ആമസോണിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തുവരുന്നത്.